തൃശൂർ: പട്ടികജാതി, പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങളിൽ കുറവു വന്നിട്ടില്ലെന്നും ഇത് തടയാൻ സർക്കാർ തലത്തിൽ ഇനിയും ഇടപെടലുകൾ ആവശ്യമാണെന്നും സംസ്ഥാന പട്ടികജാതി പട്ടികവർഗ ഗ്രോത്ര കമ്മിഷൻ ചെയർമാൻ ബി.എസ് മാവോജി പറഞ്ഞു. ജില്ലാ പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കൽ, വീടു കയറിയുള്ള അക്രമണം, പട്ടികജാതിക്കാർ താമസിക്കുന്നിടത്തുള്ള വഴി കൈയേറ്റം, അർഹതയുള്ളവർക്ക് പട്ടയം ലഭിക്കാതിരിക്കൽ എന്നിവ ഇപ്പോഴും നടക്കുന്നതായി മാവോജി വ്യക്തമാക്കി. പട്ടികജാതിക്കാർ താമസിക്കുന്നിടത്തേക്ക് അയൽവാസികളായവർ മലിനജലം ഒഴുക്കി വിടുകയും മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്നതും കണ്ടെത്തി പരിഹാര മാർഗം നിർദ്ദേശിച്ചു. പരിഗണിച്ച കേസുകളിൽ, വഴി കൈയേറ്റവും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമായിരുന്നു കൂടുതൽ. 98 കേസുകളാണ് പരിഗണിച്ചത്. 84 കേസുകൾ തീർപ്പാക്കി. ബാക്കിയുള്ളവ മാറ്റി. ചില കേസുകളിൽ വിശദമായ റിപ്പോർട്ടും ബന്ധപ്പെട്ടവരിൽ നിന്നും തേടി. 18 പുതിയ കേസുകൾ സ്വീകരിച്ചിട്ടുണ്ട്. പരാതി പരിഹാര അദാലത്ത് ഇന്നും തുടരും. പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മിഷൻ അംഗവും മുൻ എം.പിയുമായ എസ്. അജയകുമാറും പങ്കെടുത്തു.