കൊടുങ്ങല്ലൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന എറിയാട് പഞ്ചായത്തിലെ മുഴുവൻ പൊട്ടിയ പൈപ്പുകളും മൂന്ന് ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കും. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എറിയാട് മണപ്പാട്ട് ചാൽ, കളറാട്ട് റോഡ്, മൈത്രി റോഡിന് തെക്ക് ഭാഗം, മേനോൻ ബസാർ, ലൈറ്റ് ഹൗസ് എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പൈപ്പുകൾ ശരിയാക്കാൻ എം.എൽ.എ നിർദേശം നൽകിയത്.
പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രണ്ട് മാസത്തിനുള്ളിൽ കൂടുതൽ കപ്പാസിറ്റിയുള്ള പുതിയ മോട്ടോർ സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ടെൻഡർ നൽകിയെന്ന് അസി.എക്സി. എൻജിനിയർ ബെന്നി അറിയിച്ചു. ക്ഷാമം രൂക്ഷമായ പതിനഞ്ചാം വാർഡിലെ മാർത്തോമ്മാ പരിസരത്ത് പരിഹാരത്തിനായി നൂതന രീതി ആവിഷ്കരിക്കും. വെള്ളം കിട്ടുന്ന പൈപ്പിൽ നിന്ന് വെള്ളം ഇല്ലാത്ത പൈപ്പിലേയ്ക്ക് മാറ്റി നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുക. പൈപ്പ് മാറ്റി സ്ഥാപിക്കേണ്ട ഇടങ്ങളിൽ ഗുണനിലവാര പരിശോധന കഴിഞ്ഞ് ഉടനെ സ്ഥാപിക്കുമെന്നും എ.എക്‌സ്.ഇ അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, വാർഡ് അംഗങ്ങളായ അഡ്വ. വി.എ. സബാഹ്, അനിൽകുമാർ, വാട്ടർ അതോറിറ്റി എക്സി. എൻജിനിയർ സിന്ധു, എക്സി. എൻജിനിയർ രാജി, വിവിധ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
..................................................
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ നിൽക്കണം: എം.എൽ.എ
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഒത്തൊരുമയോടെ നിൽക്കണമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പറഞ്ഞു. പഞ്ചായത്തിൽ 468 പൊതുടാപ്പുകൾ ഉള്ളതിൽ 59 എണ്ണം ഉപയോഗിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ അവ താത്കാലികമായി നീക്കം ചെയ്യും. ഭാഗികമായി വിതരണനഷ്ടം നേരിടുന്ന ഇടങ്ങളിൽ അത് കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കും. പുതിയ കണക്ഷനുകൾ നൽകുന്നത് പഞ്ചായത്തും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും തീരുമാനിക്കും. നാട്ടുകാർക്ക് ശുദ്ധജലം നൽകാനുള്ള പദ്ധതികൾക്ക് രൂപം നൽകണം. അതിനായി ഓരോ വാർഡുകളിലെയും കിയോസ്കുകൾ, കിണർ, കുളം എന്നിവ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾക്ക് രൂപം നൽകിയാൽ വരൾച്ചയെ അതിജീവിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.