ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാതയുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കുക, ദേശീയപാത അധികൃതർ ചാലക്കുടിയോട് കാണിക്കുന്ന നിഷേധാത്മക നിലപാടിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി. ദേവസി എം.എൽ.എയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ജംഗ്ഷനിൽ കൂട്ട ധർണ്ണ നടത്തി. സ്തംഭിച്ചു കിടക്കുന്ന അടിപ്പാത നിർമ്മാണം പൂർത്തീകരിക്കുംവരെ ഈ ജനകീയ കൂട്ടായ്മ നിലനിറുത്തണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ബെന്നി ബെഹന്നാൻ എം.പി ആവശ്യപ്പെട്ടു.
ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, സി.പി.എം ഏരിയാ സെക്രട്ടറി ടി.എ. ജോണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജി. ബാലചന്ദ്രൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി സി. മധുസൂദനൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, എൽ.ജെ.ഡി പ്രസിഡന്റ് കെ.എൽ. കൊച്ചപ്പൻ, ക്രസന്റ് സ്‌കൂൾ പ്രിൻസിപ്പൽ ജോർജ്ജ് കോലഞ്ചേരി, ജോസ് പൈനാടത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ, ജെനീഷ് ജോസ്, ഉഷ ശശിധരൻ, പി.പി. ബാബു. തോമസ് കണ്ണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ധർണ്ണയിൽ നിന്നും ബി.ജെ.പി വിട്ടുനിന്നു. ബി.ജെ.പി പ്രതിനിധികൾ അടക്കമുള്ള യോഗത്തിൽ വച്ചാണ് ജനുവരി 28ന് കൂട്ട ധർണ്ണ നടത്താൻ തീരുമാനിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രാതിനിധ്യം സമരപ്പന്തലിൽ ഉണ്ടാകാത്തതാണ് ശ്രദ്ധേയമായത്.
24 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരമായെന്ന് അറിയിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള അലംഭാവം മൂലം ഉറപ്പ് വിശ്വസിക്കാനാകില്ല. നിതാന്ത ജാഗ്രത വേണം.
- ബെന്നി ബെഹന്നാൻ എം.പി
ചാലക്കുടിയുടെ പൊതു വികാരമാണ് ധർണ്ണയിൽ പ്രതിഫലിക്കുന്നത്. ഇനിയും നാടിനെ വഞ്ചിക്കാനാകില്ലെന്ന് ദേശീയ പാത അതോറിറ്റിയെ ബോദ്ധ്യപ്പെടുത്തണം.
- ബി.ഡി. ദേവസി എം.എൽ.എ