tharakallidal
സ്‌കൈ ലൈൻ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം കളക്ടർ എസ്. ഷാനവാസ് നിർവഹിക്കുന്നു

കയ്പമംഗലം: ലൈഫ് പദ്ധതിയിൽ ഉൾപെടാത്തവർക്ക് എം.എൽ.എയുടെ ഇടപെടലിൽ രണ്ട് വീട്. കയ്പമംഗലം മണ്ഡലത്തിൽ വിവിധ കാരണങ്ങൾ കൊണ്ട് ലൈഫ് പദ്ധതിയിൽ ഉൾപെടാതെ പോയ നിർദ്ധനരായ മൂന്ന് വീട്ടുകാരുടെ അപേക്ഷയാണ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ജില്ലാ കളക്ടർ എസ്. ഷാനവാസിന് കൈമാറിയിരുന്നത്. 'സ്‌കൈ ലൈൻ ' ബിൽഡേഴ്‌സ് കളക്ടർ വഴി നടപ്പാക്കുന്ന പാർപ്പിട പദ്ധതിയിലേക്ക് എം.എൽ.എ നൽകിയ അപക്ഷയിൽ രണ്ട് പേരെ തെരഞ്ഞെടുക്കുകയായിരുന്നു.

കയ്പമംഗലം പഞ്ചായത്ത് 18-ാം വാർഡ് പുളിപറമ്പിൽ സെറീന, 13-ാം വാർഡ് കിളിക്കോട്ട് വേലായുധൻ എന്നിവർക്കാണ് 500 സ്‌ക്വയർ ഫീറ്റിന്റെ വീട് സ്‌കൈ ലൈൻ നിർമ്മിച്ച് നൽകുക. ഈ രണ്ട് വീടുകളുടെ തറക്കല്ലിടൽ കർമ്മം എം.എൽ.എയും കളക്ടറും ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദിൻ, പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ എന്നിവർ സംസാരിച്ചു.