തൃശൂർ: ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് സി.പി.ഐയിലെ മേയർ അജിത വിജയൻ രാജിവെച്ചു. രാജിക്കത്ത് കോർപറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണന് ഇന്നലെ കൗൺസിൽ യോഗത്തിന് ശേഷം കൈമാറി. ഡെപ്യൂട്ടി മേയർ റാഫി പി. ജോസിനാണ് മേയറുടെ ചുമതല. പുതിയ മേയറെ മൂന്നാഴ്ചയ്ക്കകം തിരഞ്ഞെടുക്കും.
ഒട്ടേറെ വികസന പ്രവൃത്തികൾക്ക് തുടക്കമിടാനും പൂർത്തീകരിക്കാനും കഴിഞ്ഞെന്ന ചാരിതാർത്ഥ്യത്തോടെയാണ് അധികാരമൊഴിയുന്നതെന്ന് അജിത വിജയൻ അറിയിച്ചു. സി.പി.എമ്മിനാണ് അടുത്ത മേയർ പദവി. കഴിഞ്ഞ ഡിസം.12ന് മേയർ സ്ഥാനമൊഴിയേണ്ടതായിരുന്നുവെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പദവി വേണമെന്ന ആവശ്യമുന്നയിച്ച് സി.പി.ഐ ജില്ലാക്കമ്മിറ്റി ഉടക്കിയതോടെ രാഷ്ട്രീയ പ്രതിസന്ധിയായി. സി.പി.ഐയ്ക്ക് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷപദവി നൽകാനാണ് തീരുമാനം. നിലവിലെ അദ്ധ്യക്ഷ എം.എൽ റോസിക്ക് ഡെപ്യൂട്ടി മേയറുടെ പദവി നൽകിയേക്കും. പുതിയ മേയറായി സി.പി.എമ്മിലെ ഗ്രീഷ്മ അജയഘോഷ്, മുൻമേയർ അജിത ജയരാജൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.