പുതുക്കാട്: ദേശീയ പാതയിൽ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കുന്നതോടെ പുതുക്കാടിന്റെ മുഖച്ഛായ ഒരിക്കൽ കൂടി മാറും. മേൽപ്പാലം നിർമ്മാണത്തിനായി ദേശീയപാതയുടെ കിഴക്കുവശത്ത് ഏറ്റെടുത്ത സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയതിനു പുറകെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. ഡിസംബർ 15നകം കെട്ടിടങ്ങൾ പൊളിച്ചു മാറ്റണമെന്ന നിർദേശമായിരുന്നു നഷ്ടപരിഹാരം നൽകിയവരോട് ആവശ്യപെട്ടിരുന്നതെങ്കിലും പൊളിക്കാൻ മടിച്ച് നിൽക്കുകയാണ് പല കെട്ടിട ഉടമകളും.

മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ മുപ്ലിയം റോഡ് ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ ദേശീയപാതയുടെ കിഴക്ക് വശത്ത് നിർമ്മിക്കുന്ന സർവീസ് റോഡ് ഇരട്ടപ്പാതയാവും. പടിഞ്ഞാറുവശത്ത് ജംഗ്ഷനിൽ ബെൽ മൗത്ത് വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറി. ബെൽ മൗത്ത് വേണമെന്ന് ഗ്രാമപഞ്ചായത്ത് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെൽ മൗത്ത് വരുന്നതോടെ റെയിൽവേ സ്റ്റേഷൻ റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യവും ശക്തമാണ്. ദേശീയപാത നാലുവരിയായ ശേഷം പുതുക്കാട് ജംഗ്ഷനിൽ ഇതുവരെ 30 മനുഷ്യജീവൻ പൊലിഞ്ഞിട്ടുണ്ട്. ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ച് ആറ് വർഷം പിന്നിട്ടപ്പോഴാണ് ഇത്രയേരെ മരണങ്ങൾ നടന്നത്.

അപകടത്തിൽ ജീവച്ഛവങ്ങളായി മരിച്ചതിനൊക്കുമെന്ന പോലെ ജീവിക്കുന്നവരും ഒട്ടേറെ. മേൽപ്പാലം നിർമിക്കണമെന്ന് ഹൈക്കോടതി നാഷണൽ ഹൈവേ അതോറിറ്റിക്ക് നിർദേശം നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോഴാണ് നടപടിയായത്. ദേശീയപാതയുടെ ഇരുവശത്തും മൂന്നു റോഡുകൾ വീതമാണ് സംഗമിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മേൽപ്പാലം

ഉടമകൾക്ക് പരിഹാരം നൽകിയതോടെ കിഴക്കുവശത്തെ കെട്ടിടങ്ങൾ നീക്കുന്നു

ആറ് വർഷത്തിനിടെ നാലുവരി പാതയിൽ പൊലിഞ്ഞത് 30 മനുഷ്യജീവനുകൾ

മേൽപ്പാലം നിർമാണം പൂർത്തിയാകുന്നതോടെ പുതുക്കാടിന്റെ മുഖം മനോഹരമാകും

മേൽപ്പാലം കൊണ്ട് അപകടങ്ങൾ ഇല്ലാതാക്കാം, റോഡ് കടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം


പഴയ മാർക്കറ്റ് റോഡ് ഓർമ്മയാകും
പഴയ ദേശീയ പാതയുടെ ഭാഗമായ മാർക്കറ്റ് റോഡ് താഴ്ത്തി ഇരട്ട സർവീസ് റോഡിന്റെ ഭാഗമാക്കും. പടിഞ്ഞാറു ഭാഗത്ത് ബെൽ മൗത്ത് നിർമ്മിക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. റോഡിന്റെ സ്ഥലം കൈയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ കഴിഞ്ഞ് ആവശ്യമായ സ്ഥലം മാത്രം ഏറ്റെടുക്കേണ്ടിവരും.


അൽപ്പം ചരിത്രം

ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പുതുക്കാട്. 1972ൽ ആരംഭിച്ച ആദ്യത്തെ ദേശീയപാതാ വികസനം പുതുക്കാടിനെ വെട്ടിമുറിച്ചു. പുതുക്കാടിന്റെ ഹൃദയം പിളർത്തിയാണ് പാത കടന്നു പോയത്. ഇതോടെ പ്രസിദ്ധമായ പുതുക്കാട് മാർക്കറ്റ് ഇല്ലാതായി. വ്യാപാര കേന്ദ്രം എന്ന പ്രശസ്തിയും നഷ്ടപ്പെട്ടു.


ചോദിച്ചു വാങ്ങിയ നഷ്ടപ്പെടുത്തൽ

ദേശീയ പാത വികസനത്തിന് രൂപരേഖ തയാറാക്കിയപ്പോൾ മണലിപ്പുഴ മുതൽ കുറുമാലിപുഴ വരെ നേർരേഖ പോലെ വളവും തിരിവും ഇല്ലാതെ പാത നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ രൂപരേഖ പുറത്തുവന്നതോടെ വ്യാപാരികൾക്ക് ആശങ്കയായി. അവർ അക്കാലത്ത് കേരളത്തിലും കേന്ദ്രത്തിലും പിടിപാടുള്ള നേതാവിന്റെ സഹായത്തോടെ രൂപരേഖ മാറ്റാൻ സമർദ്ദം ചെലുത്തി. നേതാവിന്റെ വീടിനു മുന്നിലൂടെ റോഡ് കടന്നു പോകുമെന്നതിനാൽ നേതാവിനും പാത മാറ്റേണ്ടത് ആവശ്യമായി തോന്നി. അന്ന് തയ്യാറാക്കിയ രൂപരേഖ അനുസരിച്ച് റോഡ് നിർമ്മിച്ചിരുന്നെങ്കിൽ പുതുക്കാട് കുറെ കൂടി വികസിക്കുമായിരുന്നു. നിലവിൽ ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങളും ചന്തയും നിലനിൽക്കുമായിരുന്നു.