തൃശൂർ: ആയിരം അടി നീളത്തിൽ ലക്ഷം വിദ്യാർത്ഥികളുടെ സ്വപ്‌നങ്ങൾ അടങ്ങുന്ന കുറിപ്പുകളുമായി പ്രദർശിപ്പിച്ച കാൻവാസിന് യു.ആർ.എഫ് വേൾഡ് റെക്കാഡ്. യൂണിവേഴ്‌സൽ റെക്കാഡ് ഫോറത്തിന്റെ ലോംഗസ്റ്റ് കാൻവാസ് വിത്ത് ദ ഡ്രീംസ് ഒഫ് വൺലാക്ക് സ്റ്റുഡന്റ്‌സ് എന്ന കാറ്റഗറിയിലാണ് റെക്കാഡ് ലഭിച്ചതെന്ന് ബ്രീസ് ഫൗണ്ടേഷൻ പ്രസിഡന്റ് ബി. ലൂയിസ് പറഞ്ഞു. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ അടങ്ങിയ പോസ്റ്ററിൽ, കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ലക്ഷം വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച കുറിപ്പുകളാണുള്ളത്. കുറിപ്പുകൾ തുണിയിൽ ഒട്ടിച്ചുവച്ചാണ് വമ്പൻ പോസ്റ്റർ ഒരുക്കിയത്. തൃശൂർ സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ് സ്‌കൂളിലായിരുന്നു പ്രദർശനം. ചീഫ് വിപ്പ് കെ. രാജൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ എം.പി അദ്ധ്യക്ഷനായി. മേയർ അജിത വിജയൻ, പോൾ ഡേവിഡ്, സിസ്റ്റർ വിവറ്റ്, സിസ്റ്റർ ഡെന്ന, എ.പി അബ്ദുൾ വഹാബ് എന്നിവരും പങ്കെടുത്തു.