ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം നടന്ന രണ്ടാം അതിരുദ്ര മഹായജ്ഞത്തിന്റെ തുടർച്ചയായാണ് മഹാരുദ്രയജ്ഞം നടത്തുന്നത്. തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ദിവസവും രാവിലെ 4.30ന് യജ്ഞം ആരംഭിക്കും. ദിവസവും കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവയും ഭക്തിപ്രഭാഷണം, കലാപരിപാടികൾ, അന്നദാനം എന്നിവയുമുണ്ടാകും. പതിനൊന്നാം ദിവസം വസോർധാരയോടെ യജ്ഞം സമാപിക്കും. യജ്ഞത്തോട് അനുബന്ധിച്ച് എല്ലാ ദിവസവും വിവിധ സമിതികളുടെ നേതൃത്വത്തിൽ രാവിലെ 8.30 മുതൽ നാരായണീയ പാരായണം ഉണ്ട്. ക്ഷേത്രം ഭാരവാഹികളായ കെ. അരവിന്ദാക്ഷൻ, കെ. ശങ്കരൻ നായർ, കെ. സുധാകരൻ നമ്പ്യാർ, ടി. ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.