ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് രാവിലെ ഏഴിന് ചാവക്കാട് സെന്ററിൽ നിന്ന് ആരംഭിച്ച പ്രജ്യോതി കമ്മിറ്റിയുടെ കാഴ്ചയോടെ തുടക്കമായി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാഴ്ചകൾ ജാറം അങ്കണത്തിലെത്തി. നേർച്ചയുടെ പ്രധാനദിനമായ ഇന്ന് രാവിലെ എട്ടിന് തെക്കഞ്ചേരിയിൽ നിന്നും താബൂത്ത് കാഴ്ച ആരംഭിക്കും. ബാൻഡ് മേളം, മുട്ടുംവിളി, ചെണ്ടമേളം, ശിങ്കാരിമേളം, അറബന മുട്ട്, ആനകൾ എന്നിവ താബൂത്ത് കാഴ്ചയ്ക്ക് അകമ്പടിയാകും. താബൂത്ത് കാഴ്ച 12 ന് ജാറം അങ്കണത്തിലെത്തും.
കൊടിയേറ്റ് കാഴ്ച 12.15ന് ജാറം അങ്കണത്തിലെത്തി താന്നി മരങ്ങളിലും, മറ്റുമായി കൊടിയേറ്റം നടത്തും. ആനപ്പുറത്ത് വിവിധ വാദ്യമേളങ്ങളോടെ കൊണ്ടുവരുന്ന കൊടികളാണ് കൊടിയേറ്റുന്നത്. തുടർന്ന് ചന്ദനക്കുടങ്ങളിൽ വിശ്വാസികൾ കൊണ്ടുവരുന്ന ശർക്കര വെള്ളം വിതരണം ചെയ്യും. താന്നി മരങ്ങളിൽ ഹൈന്ദവ സഹോദരങ്ങൾ പാലും, മുട്ടയും നൽകുന്ന ചടങ്ങും നടക്കും. തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാഴ്ചകൾ ജാറം അങ്കണത്തിലെത്തും...