കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന ടി.എം ഷാഫിയെ കോൺഗ്രസിലെടുത്തു. എം.പിമാരായ ബെന്നി ബെഹ്നാൻ, ടി.എൻ പ്രതാപൻ എന്നിവർക്ക് പുറമെ കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻ കുട്ടിയും ചേർന്നാണ് ഷാഫിക്ക് കോൺഗ്രസ് അംഗത്വം നൽകിയത്.
ശക്തി പ്രകടനവും പൊതു സമ്മേളനവുമൊക്കെ ഒരുക്കി കോൺഗ്രസ് പ്രവർത്തകർ അത് ആഘോഷമാക്കി. എടവിലങ്ങിൽ കോൺഗ്രസിന്റെ തിരിച്ചു വരവിന് ഷാഫിയുടെ വരവ് നിമിത്തമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. നിലവിൽ പഞ്ചായത്ത് അംഗമായ ഷാഫി, ഒരു വട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റായി പാർട്ടി നിയോഗിച്ച മിനി തങ്കപ്പനെതിരെ മത്സരിച്ച ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കി. പാർട്ടിയുമായി പോരടിച്ച് നടത്തിയ ഈ നടപടിയെ തുടർന്ന് സി.പി.ഐ പുറത്താക്കിയ ഷാഫിയുടെ കൂടി സഹകരണത്തോടെ ബി.ജെ.പി വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. പിന്നീട് മിനി തങ്കപ്പനെ തന്നെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തെങ്കിലും ഷാഫിയോട് പൊറുക്കാനാകില്ലെന്ന നിലപാടിൽ സി.പി.ഐ ഉറച്ച് നിന്നു. പഞ്ചായത്തംഗമെന്ന സ്ഥാനം പോലും ഇല്ലാതാക്കാൻ നടത്തിയ നീക്കത്തെ താത്കാലികമായെങ്കിലും അതിജീവിച്ചാണ് ഷാഫി ഇപ്പോൾ പഞ്ചായത്തംഗമായി തുടരുന്നത്. ഈ ഘട്ടത്തിൽ തുണയായ കോൺഗ്രസിനൊപ്പം ചേരാനാണ് അവസാനം ഷാഫി തീരുമാനിച്ചത്.