ചെറുതുരുത്തി: തുള്ളൽ കലയെ ജനകീയമാക്കാൻ പൊളിച്ചെഴുത്ത് നടത്തിയ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദനെന്ന് ഡോ. കെ.ജി. പൗലോസ്. കലാമണ്ഡലം ഗീതാനന്ദനെ അദ്ദേഹത്തിന്റെ രണ്ടാം ചരമവാർഷികത്തിൽ ഗീതാനന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 8.30ന് സമാധിയിൽ പുഷ്പാർച്ചന യോടെയാണ് അനുസ്മരണ പരിപാടികൾക്ക് തുടക്കമായത്.

കലാമണ്ഡലം ഭരണസമിതി അംഗങ്ങളുൾപ്പെടെ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടിന് വിവിധ തുള്ളലുകളുടെ അവതരണം, സെമിനാർ എന്നിവ നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം എൻ.ആർ. ഗ്രാമപ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗീതാനന്ദൻ സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരത്തിന് അർഹനായ തുള്ളൽ കലാകാരൻ കലാമണ്ഡലം ജനാർദ്ദനൻ, യുവപ്രതിഭ പുരസ്‌കാരത്തിന് അർഹയായ കലാമണ്ഡലം ഷർമിള എന്നിവർക്ക് കലാമണ്ഡലം മുൻ വൈസ് ചാൻസലർ കെ.ജി. പൗലോസ് പുരസ്‌കാരങ്ങൾ സമർപ്പിച്ചു.

സിനിമാ താരം രചന നാരായണൻകുട്ടി കെ.ബി. രാജാനന്ദ്, ഭരണ സമിതി അംഗങ്ങളായ കലാമണ്ഡലം പ്രഭാകരൻ, ടി.കെ. വാസു, എൻ.കെ. ഗീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ, കലാമണ്ഡലം മോഹനകൃഷ്ണൻ, എം. മുരളീധരൻ, എം.എസ്. രാഘവൻ മാസ്റ്റർ, കലാമണ്ഡലം അച്ചുതാനന്ദൻ, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം ക്യഷ്ണകമാർ, ഡോ. ടി.കെ. ശങ്കരൻ കുട്ടി, ടി. രവീന്ദ്രൻ, കെ.പി. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. മാനേജിംഗ് ട്രസ്റ്റിയും ഗീതാനന്ദന്റെ പത്‌നിയുമായ ശോഭ ഗീതാനന്ദൻ സ്വാഗതവും, കലാമണ്ഡലം നിഖിൽ നന്ദിയും പറഞ്ഞു.