കയ്പമംഗലം: കലാജീവതത്തിന്റെ തുടക്കത്തിൽ തന്നെ നേർവഴിക്ക് നയിച്ച ഗുരുനാഥനായിരുന്നു കുഞ്ഞുണ്ണിമാഷെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കയ്പമംഗലം വിജയഭാരതി എൽ.പി സ്‌കൂൾ ഏർപ്പെടുത്തിയ പ്രഥമ കുഞ്ഞുണ്ണിമാഷ് സ്മാരക പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കുഞ്ഞിണ്ണിമാഷാണ് പ്രസിദ്ധീകരിക്കാൻ അയക്കുന്ന തന്റെ ഓരോ കഥയും കവിതയും വായിച്ച് തെറ്റുതിരുത്തിയിരുന്നതെന്ന് സത്യൻ അന്തിക്കാട് ഓർമ്മിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സത്യൻ അന്തിക്കാടിന് പുരസ്‌കാരം സമർപ്പിച്ചു. സംസ്ഥാനത്തു തന്നെ ആദ്യമായാണ് കുഞ്ഞുണ്ണിമാഷുടെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് , വലപ്പാട് എ.ഇ.ഒ ടി.ഡി. അനിതാകുമാരി, പഞ്ചായത്തംഗം പി.എ സജീർ, ബി.പി.ഒ ടി.എസ് സജീവൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ ദേവാനന്ദൻ, സ്‌കൂൾ മാനേജർ സോമൻ താരക്കുളം, പ്രധാനാദ്ധ്യാപിക പി. ഷീന എന്നിവർ സംസാരിച്ചു.