തൃശൂർ: കുതിരാൻ മേഖലയിൽ പവർഗ്രിഡ് കോർപറേഷന്റെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ട്രയൽ റൺ അവസാനിച്ചു. തൃശൂർ - പാലക്കാട് ദേശീയ പാതയിലെ കുതിരാൻ ഭാഗത്ത് വാഹനക്കുരുക്കില്ലാത്ത വിധം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു ട്രയൽ റണിന് തുടക്കം. ഇതിന്റെ ഭാഗമായി കുതിരാൻ തുരങ്കം ഭാഗികമായി തുറന്ന് പാലക്കാട് ഭാഗത്ത് നിന്നുള്ള ഭാരവാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നു.

തൃശൂർ ഭാഗത്ത് നിന്നും കുതിരാനിലൂടെയുള്ള ഭാരവാഹനങ്ങൾ വൈകിട്ട് അഞ്ച് വരെ തടഞ്ഞുകൊണ്ടായിരുന്നു നിയന്ത്രണം. തൃശൂർ ഭാഗത്ത് നിന്ന് ഭാരവാഹനങ്ങൾ തടഞ്ഞും പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങൾ കുതിരാൻ തുരങ്കത്തിലൂടെ കടത്തിവിട്ടും നടത്തിയ പരീക്ഷണം വിജയകരമായി. ജില്ലാ ഭരണകൂടവും പൊലീസും ട്രയൽ റണിന് മേൽനോട്ടം വഹിച്ചു. ട്രയൽ റൺ സമയത്ത് കുതിരാനിൽ വലിയ ദൂരം കേബിളിടാൻ കഴിഞ്ഞതും മറ്റൊരു നേട്ടമായി.

എറണാകുളം, അങ്കമാലി ഭാഗത്ത് നിന്നുള്ള ഭാരവാഹനങ്ങൾ അവിടെ തന്നെ വൈകിട്ട് വരെ നിറുത്തിയിട്ടായിരുന്നു ഗതാഗത നിയന്ത്രണം നടപ്പിലാക്കിയത്. ഇതും വാഹനക്കുരുക്ക് തടയാൻ സഹായകമായി. ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ.

തുരങ്കം തുറക്കാൻ

അനുമതി തേടും

ട്രയൽ റണിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കുതിരാൻ മേഖലയിൽ 15 ദിവസം വീതം രണ്ട് ഘട്ടങ്ങളിലായാണ് പവർ ഗ്രിഡ് കേബിളിടൽ പൂർത്തിയാക്കുക. ഈ സമയത്തും കുതിരാൻ തുരങ്കം തുറന്നു നൽകാൻ സർക്കാരിനോട് അനുമതി തേടുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഗതാഗതക്കുരുക്കില്ലാതെ തുടർ കേബിളിടുന്ന തുടർപ്രവൃത്തികൾ ഭംഗിയായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ട്രയൽ റൺ നൽകുന്ന അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

ട്രയൽ റണ്ണിനായി 350ൽ ഏറെ പൊലീസ് ഉദ്യോഗസ്ഥർ, 250ലേറെ വോളണ്ടിയർമാർ, നൂറോളം മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയാണ് കുതിരാനിൽ നിയോഗിച്ചത്‌. വൻതോതിലുള്ള പൊടിശല്യമായിരുന്നു പ്രധാനപ്രശ്‌നം. ഇത് തടയാൻ രണ്ട് മണിക്കൂർ ഇടവിട്ട് തുരങ്കത്തിൽ വെള്ളമടിക്കുകയായിരുന്നു. ഇതുമൂലം അരമണിക്കൂർ തുരങ്കത്തിൽ ഗതാഗതം നിറുത്തിവെച്ചിരുന്നു. വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ കുറ്റമറ്റ സംവിധാനമില്ല. തുരങ്കത്തിന്റെ തെക്കേ അതിരിൽ ചെളിവെള്ളക്കെട്ടും രൂപം കൊണ്ടിരുന്നു.