തൃശൂർ: നബാർഡിൻ്റെ സഹായത്തോടെ പാടശേഖര നീർച്ചാൽ സംരക്ഷണ പദ്ധതി വ്യാപിക്കുന്നതോടെ തൃശൂരിൽ 300 ഹെക്ടർ സ്ഥലത്ത് കൂടി നെൽക്കൃഷിക്ക് കളമൊരുങ്ങും. തൃശൂർ നിയോജക മണ്ഡലത്തിലെ 7-10, 16, 17 ഡിവിഷനുകൾക്ക് പ്രയോജനം ലഭിക്കുന്നതും വിൽവട്ടം, നെട്ടിശ്ശേരി, വിയ്യൂർ, ഒല്ലൂക്കര വില്ലേജുകളിലെ പാടശേഖരങ്ങളിൽ കൂടുതൽ നെൽക്കൃഷി സാദ്ധ്യമാക്കാനുമുളള പദ്ധതി അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മാള, ചാലക്കുടി, ചേലക്കര എന്നിവിടങ്ങളിൽ വിജയം കണ്ട പദ്ധതി അന്തിക്കാട്, കൊണ്ടാഴി, തെക്കുംപാടം എന്നിവിടങ്ങളിലും നടപ്പാക്കുന്നുണ്ട്. നെല്ലിനോടൊപ്പം പച്ചക്കറിയുടെയും ഉത്പാദനം കൂട്ടാനും ലക്ഷ്യമിടുന്നുണ്ട്.
പാടശേഖര സമിതികളുടെ അപേക്ഷ പ്രകാരമാണ് കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്. കുറ്റുമുക്ക്, മുല്ലക്കര, മുക്കാട്ടുകര, നെല്ലങ്കര, നെട്ടിശ്ശേരി, നെല്ലിക്കാട്, കൂടപ്പാടം, കോട്ടേപ്പാടം, പറക്കുളം, വടക്കേപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് അടുത്ത മാസം പദ്ധതി തുടങ്ങുന്നത്.
കാർഷിക ഉന്നമനവും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർഷകരുടെ സംശയം ദുരീകരിക്കുന്നതിന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.
കൃഷി, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥരും കർഷകരുടെ സംശയങ്ങൾക്ക് ഇതു സംബന്ധിച്ച യോഗങ്ങളിൽ മറുപടി നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമുണ്ടായ പ്രളയത്തെ തുടർന്നുള്ള കാർഷിക മേഖലയിലെ മാന്ദ്യം പരിഹരിക്കാൻ കൂടിയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ അനുവദിക്കുന്നത് : 4.38 കോടി
മൊത്തം അനുമതി ലഭിച്ചത് : 8.40 കോടി
സവിശേഷതകൾ:
150 ടൺ നെല്ലും 60 ടൺ പച്ചക്കറിയും കൂടുതൽ ഉത്പാദിപ്പിക്കാം
1.25 ലക്ഷം തൊഴിൽ ദിനങ്ങൾ കൂട്ടാം
500 കർഷകർക്കും കിണറുകൾക്കും നേരിട്ടും അല്ലാതെയും പ്രയോജനം
ഭൂഗർഭ ജലവിതാനം ഉയരും
പരമ്പരാഗത ജലസ്രോതസുകളുടെ സംഭരണ ശേഷി കൂടും
കൃഷി ലാഭകരമാക്കുന്നതിനും, തരിശു ഭൂമി കൃഷിയിലേക്ക് കൊണ്ടുവരുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരുപ്പൂ മാത്രമുള്ള പാടങ്ങളിൽ പച്ചക്കറിക്കൃഷിയും വ്യാപകമാക്കും. പദ്ധതികളുടെ സവിശേഷതകൾ അനുസരിച്ച് ഫണ്ടിലും മാറ്റമുണ്ടാകും
-പി.ഡി സിന്ധു, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ
പദ്ധതിയിൽ :
വെള്ളമെത്തിക്കാനുള്ള കനാലുകൾ നിർമ്മിക്കൽ
തോട്ടിലേക്കുള്ള റാമ്പുകൾ, പാർശ്വഭിത്തി സംരക്ഷണം.
വെള്ളം കെട്ടിനിറുത്താനുള്ള സ്ലൂയിസ്, ഷട്ടർ നിർമാണം
ട്രാക്ടർ സ്ലാബുകൾ, ഫീൽഡ് ചാനലുകൾ ഒരുക്കൽ....