മാള: രാജ്യവിരുദ്ധ പ്രസ്താവന നടത്തുകയും ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനെതിരെ മാള പൊലീസിൽ പരാതി നൽകി. ബി.ജെ.പി മാള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത് കുമാറാണ് പരാതി നൽകിയത്. പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച കോടതി വിധി അനുകൂലമായില്ലെങ്കിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലും ആയുധങ്ങൾ കരുതിയിരിക്കണമെന്നുമുള്ള സന്ദേശം ഉൾക്കൊള്ളുന്ന പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. അതേസമയം ഇതുസംബന്ധിച്ചുള്ള പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കേസ് എടുക്കാവുന്ന പ്രാഥമിക തെളിവുകൾ ലഭിച്ചിട്ടില്ലെന്നും നിയമോപദേശം തേടുമെന്നുമാണ് പൊലീസ് നൽകുന്ന സൂചന...

ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശം സമൂഹമാദ്ധ്യമങ്ങളിലും ദൃശ്യമാദ്ധ്യമങ്ങളിലും വന്നതിന്റെ പകർപ്പ് സഹിതമാണ് അജിത് കുമാർ പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 505 എന്നീ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.