കൊടുങ്ങല്ലൂർ: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടുക, വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ കൊടുങ്ങല്ലൂർ നഗരസഭാ തല ഉദ്ഘാടനം മേത്തല കൃഷിഭവനിൽ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ കൃഷിക്കാർക്ക് പച്ചക്കറിത്തൈകളുടെ ഗ്രോ ബാഗ് വിതരണം ചെയ്ത് നിർവഹിച്ചു. മേത്തല കൃഷി ഓഫീസർ സൈരാ ബാനു അദ്ധ്യക്ഷത വഹിച്ചു.
2020 ജനവരി 1 മുതൽ 470 ദിവസത്തേക്കുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പരമ്പരാഗത പച്ചക്കറി വിത്തുകളുടെ പ്രോത്സാഹനം, വിത്ത് കൈമാറ്റക്കൂട്ടം രൂപീകരിക്കുക, എല്ലാ വീട്ടിലും പച്ചക്കറി പോഷകത്തോട്ടം, ജനപ്രതിനിധികളുടെ വീടുകളിൽ അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് പ്രദർശന പ്ലോട്ടുകൾ, സ്കൂളുകൾ, അംഗൻവാടികൾ, മറ്റു സ്ഥാപനങ്ങളിൽ പച്ചക്കറികൃഷി വ്യാപനം, നഗരസഭാ തലത്തിൽ പരിശീലനങ്ങൾ, പച്ചക്കറി ക്ലസ്റ്ററുകളുടെ വിപുലീകരണം എന്നിവയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്ന് ചെയർമാൻ പറഞ്ഞു. ബയോഫാർമസികൾ, ഇക്കോ ഷോപ്പുകൾ, ക്ലസ്റ്റർ മാർക്കറ്റുകൾ, ആഴ്ചചന്തകൾ എന്നിവയുടെ വിപുലീകരണം, ജൈവ ഉത്പാദനോപാധികൾ ന്യായ വിലക്ക് ലഭ്യമാക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തും. ഇതിനായി വാർഡ് തലത്തിൽ കൃഷിക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് ചേർക്കുമെന്നും പദ്ധതി പ്രകാരം പച്ചക്കറി വിത്തുകൾ, പച്ചക്കറിത്തൈകൾ മറ്റു ഉത്പാദനോപാധികൾ എന്നിവ കൃഷിഭവനുകളിൽ നിന്നു ലഭിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.