തൃശൂർ: പട്ടികജാതി പട്ടികവർഗ അദാലത്തിൽ 170 കേസുകൾ തീർപ്പാക്കി. 197 പരാതികളാണ് കമ്മിഷന് മുന്നിലെത്തിയത്. ബാക്കിയുള്ളവ മാറ്റിവെച്ചു. 44 പുതിയ പരാതികളും സ്വീകരിച്ചിട്ടുണ്ട്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രണ്ടു ബെഞ്ചുകൾ ആയിട്ടാണ് പരാതികൾ പരിഗണനയ്ക്ക് എടുത്തത്. ജനുവരി 28ന് ആരംഭിച്ചതാണ് അദാലത്ത്. ചില കേസുകളിൽ വിശദമായ റിപ്പോർട്ടും കമ്മിഷൻ ബന്ധപ്പെട്ടവരിൽ നിന്നും തേടിയിട്ടുണ്ട്. മാറ്റിവെച്ച പരാതികൾ അടുത്ത അദാലത്തിലോ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഹിയറിംഗിലോ തീർപ്പാക്കുമെന്ന് കമ്മിഷൻ അറിയിച്ചു. സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ചെയർമാൻ ബി.എസ് മാവോജി, പട്ടിക വർഗഗോത്ര കമ്മിഷൻ അംഗവും മുൻ എം.പിയുമായ എസ്. അജയകുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ കെ.ഷീജ , അക്കൗണ്ട്സ് ഓഫീസർ സി.എം ബിന്ദു എന്നിവർ പങ്കെടുത്തു.