ചാവക്കാട്: അഴകായി മാറിയ മണത്തല ചന്ദനക്കുടം നേർച്ചയ്ക്കെത്തിയത് ആയിരങ്ങൾ. നേർച്ചയുടെ ഭാഗമായി അസർ നമസ്‌കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം ദുആ, കൂട്ട സിയാറത്ത് എന്നിവ നടന്നു. ചാവക്കാട് തെക്കഞ്ചേരിയിൽ നിന്നാണ് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടത്. ടിപ്പുവിന്റെ സൈന്യവുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷ്യം വഹിച്ച തന്റെ പടനായകന് സാമൂതിരി നൽകിയ വീരോചിത കബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോൽക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെ പുറപ്പെട്ട താബൂത്ത് കാഴ്ച ചാവക്കാട് നഗരം ചുറ്റി 11മണിയോടെ ജാറത്തിൽ എത്തി ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിന് മുകളിൽ താബൂത്ത് സ്ഥാപിച്ചു.
ബ്ലാങ്ങാട് ബീച്ച്, പുത്തൻകടപ്പുറം എന്നിവിടങ്ങളിൽ നിന്നും വന്ന കൊടിയേറ്റ കാഴ്ചകൾ ജാറം അങ്കണത്തിൽ പ്രവേശിച്ചു. പള്ളിയങ്കണത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങളിൽ കൊടിയേറ്റി. തുടർന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് കറുത്ത കുടുംബാംഗങ്ങൾ താണി മരങ്ങളിൽ കയറി മരപ്പൊത്തുകളിൽ മുട്ടയും പാലും നിക്ഷേപിച്ചു. പിന്നീട് അന്നദാനവും നടന്നു.
ഉച്ചതിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്നായി പുറപ്പെട്ട നാട്ടുകാഴ്ചകൾ ശിങ്കാരിമേളം, ബാൻഡ്, നാദസ്വരം, പഞ്ചവാദ്യം, തെയാണ്ടി മേളം തുടങ്ങിയ മേളക്കൊഴുപ്പോടെ ആറിന് പള്ളിയങ്കണത്തിൽ എത്തിച്ചേർന്നു. ജാറത്തിന് മുന്നിലുള്ള ദേശീയപാത 17 റോഡിലെത്തി ജാറത്തിന് അഭിമുഖമായി ഗജവീരന്മാർ അണിനിരന്നു. ആനകളുടെ തല ഉയർത്തി കമ്മിറ്റികൾ പരസ്പരം മത്സരിച്ചു. നേർച്ച ആഘോഷത്തിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. കാഴ്ചകളും, താബൂത്ത് കാഴ്ചയും ഉച്ചയോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് മഖ്ബറയിലെത്തി. കുന്നംകുളം ഡിവൈ.എസ്.പി ടി.എസ്. ഷിനോജ്, ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.