ഗുരുവായൂർ: എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായ രാധേയം ഗസ്റ്റ് ഹൗസ് ഗുരുവായൂർ തെക്കെനടയിലെ കാരക്കാട്ട് റോഡിൽ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് കൊളത്തൂർ ആശ്രമാധിപൻ സ്വാമി ചിദാനന്ദപുരി ദീപപ്രോജ്ജ്വലനം നിർവഹിക്കും. പൊതുസമ്മേളനത്തിൽ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ മുഖ്യപ്രഭാഷണം നടത്തും. ടി.എൻ. പ്രതാപൻ എം.പി, കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ, സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്. കെ. എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോൻ, ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ, ട്രഷറർ കെ. ടി. മോഹനൻ, വൈസ് പ്രസിഡന്റ് എ. മുരളീധരൻ എന്നിവർ പങ്കെടുത്തു.