തൃശൂർ: ഒളിച്ചുകളികളില്ലാതെ പുതിയ മലയാളഭാഷയെ സാഹിത്യത്തിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു വി.കെ.എൻ. എന്ന് സക്കറിയ പറഞ്ഞു. വി.കെ.എൻ. സ്മാരകസമിതി ഏർപ്പെടുത്തിയ വി.കെ.എൻ. പുരസ്‌കാരം ആരോഹണം-2020 സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖനിൽ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. ഹാസ്യം വി.കെ.എന്നിന്റെ എഴുത്തിന്റെ സവിശേഷതകളിലൊന്ന് മാത്രമായിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തെ ഹാസസാഹിത്യകാരനെന്ന് മുദ്രകുത്തുന്നത് കുഞ്ചൻ നമ്പ്യാരെപ്പോലെ അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് സക്കറിയ പറഞ്ഞു. വി.കെ.എന്നിനെപ്പോലെ അധികാരിവർഗ്ഗത്തെ മുൾമുനയിൽ നിറുത്തിയ ഒരാളെ ഓർക്കുന്നതിലെ ഔചിത്യം വലുതാണെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ മുൻ നിയമസഭാസ്പീക്കർ കെ. രാധാകൃഷ്ണൻ പറഞ്ഞു. വൈശാഖൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായി. ഐവർമഠം ട്രസ്റ്റി അശോക് വാര്യർ, എൻ. രാംകുമാർ, ദീപ എസ്. നായർ എന്നിവർ സംസാരിച്ചു. ഇ.ഡി. ഡേവീസ് സ്വാഗതവും വി.കെ.എൻ. സ്മാരകസമിതി സെക്രട്ടറി കെ.ആർ. മനോജ് കുമാർ നന്ദിയും പറഞ്ഞു.