ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ചു മഹാക്കാഴ്ച്ചയിൽ എഴുന്നള്ളിക്കാൻ കൊണ്ട് വന്ന കുഴൂർ സ്വാമിനാഥൻ എന്ന കൊമ്പൻ ആന ഇടഞ്ഞു. കൊമ്പന് ആവശ്യമായ ഭക്ഷണം പാപ്പാന്മാർ നൽകിയിരുന്നില്ലെന്നും പറയുന്നു. ഇന്നലെ വൈകിട്ട് തെക്കഞ്ചേരിയിലായിരുന്നു സംഭവം. വെള്ളം കൊടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആന പാപ്പാനെ തട്ടി എടുത്തെറിഞ്ഞത്. ഭാഗ്യത്തിന് പാപ്പാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റ് പാപ്പാന്മാരും ഇത് കണ്ടതോടെ മാറിനിന്നു. വിവരമറിഞ്ഞ് എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി. സമീപത്തെ പറമ്പിലേക്ക് അനുനയിപ്പിച്ച കൊമ്പനെ രണ്ടു തെങ്ങുകളിലായി തളച്ചു. ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർമാരായ സജീവൻ, പ്രേമനാഥ്, സാജൻ, പ്രഭാശങ്കർ എന്നിവരും സ്ഥലത്തെത്തി. കൊമ്പനെ നേർച്ചയിൽ എഴുന്നള്ളിക്കരുതെന്ന് പാപ്പാന്മാർക്ക് നിർദ്ദേശം നൽകി. കൊമ്പൻ ഇടയാൻ കാരണം വിശപ്പും, മദ്യപിച്ചിരുന്ന പാപ്പാന്മാരുടെ ക്രൂരമായ മർദ്ദനവുമാണെന്ന് കണ്ടുനിന്ന നാട്ടുകാർ പറയുന്നു.