വാടാനപ്പിള്ളി: വാടാനപ്പിള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്‌സ് പള്ളി പെരുന്നാൾ ആഘോഷം കണ്ട് വീട്ടിലെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും ഭാര്യയെയും മാരകായുധങ്ങളുമായെത്തിയ സംഘം വീട് കയറി ആക്രമിച്ചു. ഇരുമ്പു പൈപ്പ് കൊണ്ട് അടിയേറ്റ നിലയിൽ സാരമായി പരിക്കേറ്റ വാടാനപ്പിള്ളി ആൽമാവ് ബ്രാഞ്ച് സെക്രട്ടറി കൂളത്ത് സതീഷിനെ (46) ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ സജിക്കും (39) സംഘത്തിന്റെ മർദനമേറ്റു.
ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു ആക്രമണം. പള്ളി പെരുന്നാൾ കണ്ട ശേഷം ആൽമാവിനടുത്തുള്ള വീട്ടിൽ എത്തിയതോടെയാണ് 15 ഓളം വരുന്ന ആക്രമിസംഘം മാരകായുധങ്ങളുമായി അതിക്രമിച്ചു കയറിയത്. തുടർന്ന് ഇരുമ്പ് പൈപ്പ് എടുത്ത് അടിക്കുകയായിരുന്നു. ഇത് കണ്ട് സതീഷിന്റെ ഭാര്യ സജി ഓടി വന്ന് തടയാൻ ശ്രമിച്ചതോടെ ഇവർക്കും മർദ്ദനമേറ്റു. അടിയേറ്റ സതീഷ് വീടിനുള്ളിലേക്ക് ഓടിക്കയറി. തുടർന്ന് വീടിനുള്ളിൽ കയറിയും സംഘം മർദ്ദിച്ചു.
ശബ്ദം കേട്ട് സമീപവാസികളായ സ്ത്രീകൾ ഓടി വന്ന് ബഹളം വച്ചതോടെ ആക്രമിസംഘം ഓടി രക്ഷപ്പെട്ടു. ആക്രമികൾ വീടിന്റെ ജനൽച്ചില്ലുകളും തകർത്തു. പെരുന്നാളിനിടെ രാത്രി 9.30 ഓടെയും അടിപിടി നടന്നു. ഇതിൽ സതീഷ് ഉണ്ടായിരുന്നില്ല. ഏതാനും വർഷം മുമ്പും സതീഷിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇത്തവണ പളളി പെരുന്നാൾ ആഘോഷം കാണിക്കില്ലെന്ന വധഭീഷണിയും ഉണ്ടായിരുന്നു. ഇക്കാര്യം മുൻകൂട്ടി പൊലീസിനെ അറിയിച്ചിട്ടും പൊലീസ് വേണ്ട മുൻകരുതൽ എടുത്തില്ലെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സതീഷ് പറഞ്ഞു. ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് സതീഷിന്റെ ഇടത് കാലിന്റെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. സി.പി.എം പാർട്ടി വിട്ട ചക്കാണ്ടൻ സിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സതീഷ് പറയുന്നു. മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് വാടാനപ്പിള്ളി പൊലീസ് പറഞ്ഞു.