പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി
കൊടകര: ആളൂർ കുഴിക്കാട്ടുശേരിയിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എം തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതിയെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി വിജയകുമാരന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവും പിടികൂടി. പീച്ചി ആശാരിക്കോട് ചേരുംകുഴി ദേശത്ത് തെക്കയിൽ വീട്ടിൽ ഷിജോ ജോസഫാണ് (25) പിടിയിലായത്.
ആളൂർ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ ആശുപത്രിക്ക് സമീപത്തെ സ്റ്റേറ്റ് ബാങ്ക് എ.ടി.എം കഴിഞ്ഞ നവംബർ മാസം അവസാനത്തോടെയാണ് കുത്തിത്തുറന്നത്. എ.ടി.എം മെഷീന്റെ മുൻവശത്തെ ഇരുമ്പ് കാബിനറ്റ് തകർത്തെങ്കിലും പണമടങ്ങിയ ട്രേ തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങി. ഇതോടെ മോഷ്ടാവ് ഇറങ്ങി ഓടി. അലാറം മുഴങ്ങിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ എ.ടി.എം മെഷീനിന്റെ മുൻഭാഗം തകർത്ത നിലയിൽ കണ്ടെത്തി.
ഇതേത്തുടർന്ന് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി പരിശോധനയിൽ മോഷ്ടാവ് എ.ടി.എം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുന്നതും കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞിരുന്നില്ല. ബാങ്ക് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു.
സമീപ പ്രദേശങ്ങളിലെ ആറോളം സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ എ.ടി.എം കൗണ്ടർ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് രണ്ടു പേർ ബൈക്കിൽ എത്തുന്നതിന്റെ ദൃശ്യം ലഭിച്ചെങ്കിലും അവ്യക്തമായിരുന്നു. തുടർന്ന് സമാനമായ കുറ്റകൃത്യത്തിന് പിടിയിലായ കുറ്റവാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇതും വിജയിക്കാതായതോടെ സംഭവം നടന്ന പ്രദേശത്തെ ക്രിമിനലുകളെ പറ്റി വിശദമായ അന്വേഷണമാരംഭിച്ചു. ഇതിലൂടെ ക്രിമിനൽ പശ്ചാത്തലമുള്ള ഷിജോയുടെ ഭാര്യ വീട് സമീപ പ്രദേശത്താണെന്ന് കണ്ടെത്തി.
ഷിജോയിൽ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതോടെ സംഭവം നടന്ന ദിവസം ഇയാൾ ഈ ഭാഗത്തുണ്ടായിരുന്നതായും പിന്നീട് വയനാട്ടിലേക്ക് കടന്നതായും കണ്ടെത്തി. പിന്നീട് പുൽപ്പള്ളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഷിജോ മൈസൂരിലേക്ക് പോയതായി വ്യക്തമായി. തുടർന്ന് മൈസൂരിലെത്തിയെങ്കിലും ഷിജോ തന്ത്രപരമായി മുങ്ങി. ഇതോടെ ഷിജോയുമായി ബന്ധമുള്ളവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചതിൽ നിന്നും ഇയാൾ കൊടകര നെല്ലായിക്ക് സമീപം പന്തല്ലൂർ ഭാഗത്തുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ പന്തല്ലൂർ നന്തിപുലം റൂട്ടിലെ വിശാലമായ ജാതി തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടിൽ നിന്നും പിടിയിലായി.
പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്.ഐ സുശാന്ത് കെ.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മാപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ രവി എം.സി, സീനിയർ സി.പി.ഒ വിനോദ് കുമാർ എം.ജി എന്നിവരാണ് ഉണ്ടായിരുന്നത്. പിടിയിലായ ഷിജോയെ ആളൂരിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ താൻ നിരവധി കേസുകളിൽ പ്രതിയാണെന്നും സുൽത്താൻ ബത്തേരിയിൽ കഞ്ചാവുമായി പിടിയിലായ പിതാവിനെ ജാമ്യത്തിൽ ഇറക്കുന്നതിനും മറ്റും പണം കണ്ടെത്തുന്നതിനുമായാണ് എ.ടി.എം തകർക്കാൻ തീരുമാനിച്ചതെന്ന് പ്രതി സമ്മതിച്ചു.