വിജിലൻസ് അന്വേഷണം കേരളകൗമുദി വാർത്തയെ തുടർന്ന്
ചാലക്കുടി: നിയമം ലംഘിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ തണൽ മരങ്ങൾ മുറിച്ച സംഭവം വിവാദത്തിൽ. കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗവും സോഷ്യൽ ഫോറസ്ട്രിയും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. കേരള കൗമുദി വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കോർപറേഷനിലെ വിജിലൻസ് അന്വേഷണം.
തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്നും നിർദ്ദേശിച്ച പ്രകാരം ജില്ലാ ആസ്ഥാനത്തു നിന്നാണ് ഉദ്യോഗസ്ഥർ എത്തിയത്. പരാതിയുണ്ടെങ്കിൽ തുടർ അന്വേഷണം നടത്തുമെന്നാണ് വിജിലൻസ് വിഭാഗം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ വിജിലൻസിനും പരാതി നൽകി. എ.ടി.ഒയുടെ പേരിൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം ഇവർ പരാതിയുമായി സ്റ്റേറ്റ് വിജിലൻസിനെയും സമീപിക്കും.
സോഷ്യൽ ഫോറസ്ട്രി നിർദ്ദേശം ലഭിച്ചാണ് മരംമുറി നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ട്രീ കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് തണൽ മരങ്ങൾ മുറിച്ചതെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
സോഷ്യൽ ഫോറസ്ട്രി അനുവദിച്ചത്
ചൂള മരങ്ങൾ ഉൾപ്പെടുത്താതെ 13 എണ്ണം മുറിച്ച് 67,000 രൂപയ്ക്ക് വിൽക്കാൻ
മുറിച്ചവയിൽ മൂന്നെണ്ണം ചൂള മരങ്ങൾ, വിൽപ്പന നടത്തിയത് 17000 രൂപയ്ക്ക്
മുറിക്കുന്ന മരങ്ങൾക്ക് പകരം വൃക്ഷത്തൈ നടണമെന്ന നിബന്ധന പാലിച്ചില്ല
അഴിമതിയോ ?
മരംമുറിക്ക് ക്വട്ടേഷൻ നൽകിയത് ഒരു ജീവനക്കാരന്റെ ഭാര്യയുടെ പേരിലാണെന്നത് ദുരൂഹം. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനായി എ.ടി.ഒയോട് ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. തുടർന്ന് മൊഴിയെടുക്കാൻ ഇന്ന് എത്തണമെന്ന് ഓഫീസറോട് എസ്.ഐ നിർദ്ദേശിച്ചിരിക്കുകയാണ്.