തൃശൂർ: കൊറോണ വൈറസ് തൃശൂരിൽ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ജില്ലാ ജനറൽ ആശുപത്രി പരിസരം ആളൊഴിഞ്ഞ നിലയിലായി. പല രോഗികളെയും ഡിസ്ചാർജ്ജ് ചെയ്ത് ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. കാഷ്വാലിറ്റിയിലും തിരക്കൊഴിഞ്ഞു. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളവരും കൂട്ടിരിപ്പുകാരും ആശുപത്രി പരിസരത്ത് നിൽക്കുന്നവരും സ്വന്തം തുവാല കൊണ്ട് സുരക്ഷ ഒരുക്കണമെന്ന് ആശുപത്രി അധികൃതർ മൈക്കിൽ മുന്നറിയിപ്പ് നൽകി. ഇതോടെ ആശുപത്രിയിൽ രോഗികളെ കാണാനെത്തിയവർ അടക്കം സ്ഥലം വിട്ടു.

രോഗികളുടെ ഒപ്പം കൂടുതലുണ്ടായിരുന്ന കൂട്ടിരുപ്പുകാരും രോഗ വിവരം പുറത്ത് വന്നതോടെ ആശുപത്രി വിട്ടു. പാർക്കിംഗ് ഏരിയയിൽ പോലും വാഹനങ്ങളുടെ എണ്ണം നാമമാത്രമായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ഉച്ചയ്ക്കു ശേഷം ചുരുക്കം വാഹങ്ങൾ മാത്രമാണ് പാർക്ക് ചെയ്യാനെത്തിയതെന്ന് പാർക്കിംഗ് കരാറുകാർ പറഞ്ഞു.

അതേസമയം മാരക വൈറസായ കൊറോണ സ്ഥിരീകരിച്ചിട്ടും ആശുപത്രിയിൽ ഇതൊന്നും അറിയാതെ എത്തിയവർക്ക് പ്രഥാമിക പ്രതിരോധമെന്ന നിലയിൽ മാസ്‌ക് പോലും നൽകാതിരുന്നത് വിമർശനത്തിന് ഇടയാക്കി. കുട്ടികൾ അടക്കമുള്ളവർ ആശുപത്രിയിലുണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന പ്രഖ്യാപനം നാലിനാണ് മന്ത്രി അറിയിച്ചതെങ്കിലും ഉച്ചയോടെ തന്നെ വൈറസ് സംശയിച്ച് രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വാർത്ത ആശുപത്രിയിൽ പരന്നിരുന്നു.