തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തൃശൂരിലെത്തും. വിവരം അറിയിച്ച പ്രകാരം കേന്ദ്ര മെഡിക്കൽ സംഘം ഉടനെ എത്തുമെന്ന് ടി.എൻ പ്രതാപൻ എം.പി. അറിയിച്ചു.
രോഗബാധിതയായ വിദ്യാർത്ഥിനി സംസാരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചെന്നും എം.പി പറഞ്ഞു. ആശുപത്രി വിട്ടവരെയും തുടർച്ചയായി നിരീക്ഷിക്കുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഒരാൾക്ക് രോഗബാധയുണ്ടായതോടെ ചൈനയിൽ നിന്നും എത്തിയവരെയെല്ലാം ബന്ധപ്പെട്ട് പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തും.
ചൈനയിൽ നിന്നുമെത്തിയവർ 14 ദിവസമെങ്കിലും വീടുകളിൽ കഴിയണമെന്നും അസ്വസ്ഥത തോന്നിയില്ലെങ്കിലും ആശുപത്രികളിൽ ചെന്ന് പരിശോധന നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആശങ്ക വേണ്ട, എന്നാൽ നല്ല തോതിൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ചികിത്സയിലുള്ളവരുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.