പാവറട്ടി : പാവറട്ടി ഗ്രാമീണ ശുദ്ധജല പദ്ധതിക്കായി മുല്ലശ്ശേരി മാനിനക്കുന്നിൽ നിർമ്മിക്കുന്ന ജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായി. 5.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകളിലെ ഗ്രാമീണമേഖലകളിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് തൃത്താലയിൽ നിന്നാണ് വെള്ളം കൊണ്ടു വരുന്നത്.

ഇരു പഞ്ചായത്തുകളിലുമായി രണ്ട് ജലസംഭരണികളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുക. ഇതിൽ പാവറട്ടിയിലെ ജലസംഭരണിയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. മുല്ലശ്ശേരിയിലെ സംഭരണിയുടെ നിർമ്മാണം കഴിഞ്ഞെങ്കിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പിടൽ ജോലികൾ ചാട്ടുകുളം വരെയാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇനി 8 കിലോമീറ്റർ കൂടി പൈപ്പിടൽ ജോലികൾ നടക്കേണ്ടതുണ്ട്. കൂടാതെ ജലസംഭരണിയിൽ നിന്നുള്ള ഗാർഹിക കണക്‌ഷനുകളുടെ പൈപ്പിടൽ ജോലികളും പൂർത്തീകരിക്കാനുണ്ട്.

2001 ൽ ആരംഭിച്ച പദ്ധതിയിൽ ജില്ലയിൽ ആറ് പഞ്ചായത്തുകളെയാണ് ആദ്യം ഉൾപ്പെടുത്തിയിരുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മുല്ലശ്ശേരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്. കുടിവെള്ളക്ഷാമം പ്രതിവർഷം രൂക്ഷമാകുന്ന മുല്ലശ്ശേരി പഞ്ചായത്തിൽ അടുത്ത വർഷങ്ങളിൽ തന്നെ കുടിവെള്ളവിതരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് നിവാസികൾ.

ഗ്രാമീണ കുടിവെള്ള പദ്ധതി

വെള്ളം കൊണ്ടുവരുന്നത് തൃത്താലയിൽ നിന്ന്

പദ്ധതി പാവറട്ടി, മുല്ലശ്ശേരി പഞ്ചായത്തുകൾക്ക്

മുല്ലശ്ശേരിയിലെ സംഭരണി പൂർത്തിയായി

പാവറട്ടിയിലെ ജലസംഭരണി പണി കഴിഞ്ഞില്ല

മുല്ലശ്ശേരിയിൽ പൈപ്പിടാൻ ബാക്കി 8 കി.മി

ഗാർഹിക കണക്‌ഷൻ പൈപ്പിടൽ ബാക്കി

കാപ്

പാവറട്ടി, മുല്ലശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി മാനിനക്കുന്നിൽ നിർമ്മാണം പൂർത്തിയായ ജലസംഭരണി.