മാള: ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾ കൊറോണാ വൈറസ് ഭീതിയിൽ നാട്ടിലേക്ക് മടങ്ങുന്നു. ഇവർ പഠിക്കുന്ന ചോംചിംഗ് എന്ന സ്ഥലത്ത് കൊറോണാ വൈറസ് ബാധയില്ലെങ്കിലും ഭീതിയുള്ളതിനാലാണ് തിരിച്ചു വരുന്നത്.

അന്നമനട സ്വദേശികളായ റാഹേൽ, റബേക്ക, സാറ, അൽസിയ എന്നിവരാണ് ഇന്ന് രാത്രി തിരിച്ചെത്തുന്നത്. ഇവർ തിരിച്ചുവരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

ചോംചിംഗ് വിമാനത്താവളത്തിന് സമീപമാണ് താമസം. റാഹേൽ, റബേക്ക, സാറ എന്നിവർ സഹോദരങ്ങളാണ്. ഇപ്പോൾ അവധിക്കാലമാണെങ്കിലും നാട്ടിലേക്ക് വരുന്നതിന് ശ്രമിച്ചിരുന്നില്ല. നിലവിലെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് മടങ്ങാനൊരുങ്ങുന്നത്. കൊൽക്കത്ത വഴിയാണ് ഇവർ തിരിച്ചെത്തുക. ഇവർ താമസിക്കുന്നത് മെട്രോ സിറ്റി പ്രദേശത്താണ്. റാഹേൽ ആശുപത്രിയിൽ പരിശീലനത്തിലാണ്. എന്നാൽ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശുപത്രിയിലേക്ക് വരേണ്ടതില്ലെന്ന നിർദ്ദേശമാണ് അധികൃതർ നൽകിയത്. വൈറസ് വ്യാപിക്കുമെന്ന സ്ഥിതിയുണ്ടായാൽ തിരിച്ചു വരുന്നത് കൂടുതൽ ശ്രമകരമാകുമെന്നതിനാലാണ് ഇപ്പോൾ മടങ്ങുന്നതെന്ന് ബന്ധുക്കൾ കേരള കൗമുദിയോട് പറഞ്ഞു. മികച്ച പഠനവും പരിശീലനവും ലഭിക്കുന്നതിനാലാണ് ഇവർ ചൈനയിൽ മെഡിക്കൽ പഠനത്തിന് പോയത്. അന്നമനട എടയാറ്റൂർ മട്ടക്കൽ ജോസിന്റെയും ബേബിയുടെയും ആറ് പെൺമക്കളാണ് ചൈനയിൽ മെഡിക്കൽ പഠനത്തിന് പോയത്. ശരാശരി 45 ലക്ഷത്തിലധികം രൂപ ഓരോരുത്തർക്കും വേണ്ടി ചെലവഴിച്ചാണ് ചോംചിംഗ് സർവകലാശാലയിൽ പഠിച്ചത്. റബേക്ക, സാറ, അൽസിയ എന്നിവർ അവസാന വർഷ വിദ്യാർത്ഥികളാണ്. കൊറോണാ വൈറസ് ഭീതി മാറിയ ശേഷം തിരിച്ചുപോകാനാണ് തീരുമാനം.