കാഞ്ഞാണി: നാലുവർഷമായിട്ടും നടത്തിപ്പിനുള്ള ഉടമസ്ഥാവകാശം ആർക്കെന്ന് തിരുമാനമാകാതെ കണ്ടശ്ശാംകടവ് ജലോത്സവ പവലിയൻ കോംപ്ലക്‌സും കുട്ടികളുടെ പാർക്കും നശിക്കുന്നു. ടൂറിസം വകുപ്പ് ഒരു കോടി രൂപ ചെലവിട്ടാണ് ഇവ നിർമ്മിച്ചത്.
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിയിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് വേണ്ടി തിരുവോണത്തിന്റെ പിറ്റേദിവസം നടത്തിവരുന്ന ജില്ലയിലെ ഏറ്റവും വലിയ വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റ് എന്ന പ്രാധാന്യം ഉൾക്കൊണ്ടാണ് നിർമ്മാണം നടത്തിയത്. ജലോത്സവ പവലിയൻ കോംപ്ലക്‌സും അതിനോട് അനുബന്ധിച്ച് കൺവൻഷൻ സെന്ററും ഹോട്ടലും കുട്ടികളുടെ പാർക്കും നിർമ്മിക്കാൻ ടുറിസംവകുപ്പ് മുന്നരക്കോടി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒരുകോടി ഉപയോഗിച്ച് പവലിയനും അതിനോട് അനുബന്ധിച്ച് നാല് പീടിക മുറികളും കുട്ടികളുടെ പാർക്കും നിർമ്മിക്കുകയായിരുന്നു. എന്നാൽ 2016ൽ മന്ത്രി എ.സി മൊയ്തിൻ ഉദ്ഘാടനം ചെയ്തെങ്കിലും നടത്തിപ്പിന്റെ ഉടമസ്ഥാവകാശം തിരുമാനമാകാതെ നാല് വർഷമായി ഇവ അനാഥമായി കിടക്കുന്നു.
2300 ചതുരശ്ര അടി വിസ്തീർണ്ണവും അഞ്ഞൂറിൽ പരം പേർക്ക് ഇരിക്കാവുന്നതും അതിനോട് അനുബന്ധിച്ചുള്ള മുറികളും കുട്ടികളുടെ പാർക്കും ആശാസ്ത്രീയരീതിയിലും ദീർഘവീക്ഷണവും ഇല്ലാതെയാണ് നിർമ്മിച്ചതെന്നും ആക്ഷേപമുണ്ട്. ജലസേചനവകുപ്പിന്റെ അനുമതിയോടു കുടിയാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചതെന്നും നമ്പർ ഇടുന്നതിന് മണലൂർ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നമ്പർ ഇട്ട് തരുവാൻ തയ്യാറാകാത്തതാണ് അനാഥമായി കിടക്കുവാൻ കാരണമെന്നും ടൂറിസം അധികൃതർ പറയുന്നു. എന്നാൽ നമ്പറിന് വേണ്ടി സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
നടത്തിപ്പ് അവകാശം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് മണലൂർ പഞ്ചായത്തും രംഗത്തുണ്ട്. വകുപ്പുകൾ തമ്മിൽ കത്തിടപാടുകൾ നടത്തുകയല്ലാതെ ഇവ സംരക്ഷിക്കേണ്ട നടപടികൾ ഇതുവരെയായിട്ടില്ല. വർഷാവർഷം നടത്തേണ്ട അറ്റകുറ്റപണികൾ ചെയ്യാതെ പവലിയന് വിള്ളലുകൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ പാർക്കിൽ കളി ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കാനും ഭിത്തികൾ തകർന്ന് പുഴയിലേക്ക് വിഴുവാനും തുടങ്ങി. എന്നാൽ ഇപ്പോഴും ജനപ്രതിനിധികളും വകുപ്പുകളും ഇരുട്ടിൽ തപ്പുകയാണ്.
........................
ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കണം. പഞ്ചായത്ത് പ്രസിഡന്റിന് നിർദ്ദേശം നൽകിയ പ്രകാരം നടത്തിപ്പ് അവകാശം കിട്ടാൻ പഞ്ചായത്ത് യോഗം തീരുമാനമെടുത്ത് സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. സർക്കാരുമായും ഈ നിയമസഭാ സമ്മേളനത്തിനിടയിൽ മന്ത്രിമാരുമായും സംസാരിക്കുകയും ഇതിൽ എന്തുതിരുമാനം എടുക്കാൻ കഴിയുമെന്നും ചർച്ചചെയ്യും.
- മുരളിപെരുന്നെല്ലി എം.എൽ.എ
ജലസേചനവകുപ്പിൽ നിന്നും ടൂറിസം വകുപ്പിൽ നിന്നും നടത്തിപ്പ് അവകാശം പഞ്ചായത്തിന് വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് തിരുമാനം സർക്കാരിനെ അറിയിച്ചിട്ടുണ്ട്
- വിജി ശശി (മണലൂർ പഞ്ചായത്ത് പ്രസിഡന്റ്)
സ്ഥല എം.എൽ.എയുടെ പിടിപ്പുകേടാണ് ഇവ അനാഥമായി കിടക്കാനിടയാക്കിയത്. രാത്രിയിൽ ഇവിടം കള്ള് കുടി, കഞ്ചാവ് എന്നിവയുടെ കേന്ദ്രമാകുകയാണ്. നാല് മുറികൾ ലേലം ചെയ്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിച്ച് അടിയന്തരമായി സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണം
- എം.വി അരൂൺ (പൊതുപ്രവർത്തകൻ)
എല്ലാ കൊല്ലവും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിക് വേണ്ടി നടത്തുന്ന ജലോത്സവത്തിന്റെ ഫിനിഷിംഗ് പോയന്റിൽ നിർമ്മിച്ച ഇവ അനാഥമായി കിടക്കുന്നത് മുഖ്യമന്ത്രിക്ക് പോലും അപമാനമാണ്. ദീർഘവീക്ഷണം ഇല്ലാതെയും ആശാസ്ത്രീയ രീതിയിലുമാണ് നിർമ്മാണം. എം.എൽ.എയുടേയും അതാതുവകുപ്പുകളുടേയും പഞ്ചായത്തിന്റേയും കഴിവുകേടാണ് ഇവ അനാഥമായി കിട്ടക്കാനിടയാക്കിയത്. വരുംദിവസങ്ങളിൽ സമരപരിപാടികൾക്ക് രൂപം നൽകും.
- സുധിഷ് മേനോത്ത് പറമ്പിൽ (ബി.ജെ.പി മണലൂർ മണ്ഡലം പ്രസിഡന്റ്)