തൃശൂർ: ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ച തൃശൂരിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ നിന്ന് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് അഞ്ച് മണിക്കൂറിനുള്ളിൽ. 17 മുറികളുള്ള ഐസൊലേഷൻ വാർഡാണ് ഇവിടെ ഒരുക്കിയത്.

കൊറോണ സ്ഥിരീകരിച്ചതായുള്ള വിവരം കിട്ടിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേ വാർഡ് ബ്ലോക്ക്‌ ഐസൊലേഷൻ വാർഡാക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചുള്ള വിവരം കിട്ടിയ ശേഷം യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു ഒരുക്കം. ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ മറ്റൊരു വിദ്യാർത്ഥി നിരീക്ഷണത്തിലുണ്ട്. അഞ്ച് ദിവസമായി ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ അഞ്ച് വിദ്യാർത്ഥികളാണ് കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്. ചൈനയിൽ നിന്ന് ഒരുമിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയവരാണ് അഞ്ച് പേരും. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയും കൊറോണ സാദ്ധ്യത മുൻനിറുത്തിയാണ് ആശുപത്രിയിലെത്തിച്ച്‌ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയത്. ഇവരിൽ മൂന്ന് പേരുടെ രക്ത പരിശോധനാ ഫലം നെഗറ്റീവ് ആയതിനാലാണ് വിട്ടയച്ചത്. ഒരാളുടെ ഫലം എത്താത്തതിനാലാണ്‌ ഐസോലേഷൻ വാർഡിൽ തുടരുന്നത്. ആൺകുട്ടിയാണ് ജനറൽ ആശുപത്രിയിലുള്ളത്. കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനി കഴിഞ്ഞിരുന്ന ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ രോഗം 75 ശതമാനത്തോളം ഭേദമായവരെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു. കൊറോണ വൈറസിന്റെ വ്യാപന സാദ്ധ്യത തടയാനാണിത്. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കെല്ലാം മുഖാവരണം (മാസ്‌ക്) നിർബന്ധമാക്കി.