arest-
സദാൻ സർക്കാർ

തൃശൂർ: കേച്ചേരിയിലെ എസ്.ബി.ഐ ബാങ്കിൽ കവർച്ചയ്ക്ക് ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. സദാൻ സർക്കാരിനെയാണ് (29) സിറ്റി ഷാഡോ പൊലീസും, കുന്നംകുളം പൊലീസും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനായിരുന്നു കവർച്ചാശ്രമം നടന്നത്.

ജനലിൻ്റെ കമ്പി അറുത്തുമാറ്റി ഉള്ളിൽ കടന്ന് സ്‌ട്രോംഗ് റൂം തകർത്ത് കവർച്ച നടത്താനായിരുന്നു ശ്രമം. സുരക്ഷാ സംവിധാനങ്ങളായ അലാറവും കാമറകളും പ്രതി തകർത്തു. സുരക്ഷാ സംവിധാനം തകർക്കുമ്പോൾ ബാങ്കിലെ മാനേജറുടെ മൊബൈലിൽ അലാറം മുഴങ്ങി. തുടർന്ന് ബാങ്ക് മാനേജർ കാറെടുത്ത് ബാങ്കിൻ്റെ സമീപത്തെത്തി.

സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്താൽ ഷട്ടർ തുറന്ന് അകത്തുകടന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. പൊലീസ് എത്തി നാട്ടുകാരുടെ സഹായത്താൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ജനൽ വഴിയാണ് പ്രതി അകത്തുകടന്നതെന്ന് പൊലീസിന് മനസിലായി. ജനലിൻ്റെ സമീപത്ത് നിറയെ ചോരയും ഉണ്ടായിരുന്നു. ജനലിൻ്റെ കമ്പി ഒരടി മാത്രം ആണ് മുറിച്ചിരുന്നത്.

ചെറിയ കുട്ടികൾക്ക് മാത്രം കടക്കാൻ പറ്റുന്ന രീതിയിൽ മാത്രം കമ്പി മുറിച്ചിരുന്നത്‌ പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കി. പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടിരുന്ന ഒരു ഷർട്ടും പൊലീസിന് വഴികാട്ടിയായി. പ്രതിക്ക് മുറിവേറ്റതായി മനസിലാക്കിയ പൊലീസ് നിരവധി ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. കാമറകൾ നശിപ്പിച്ചതിനാൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല.

പിന്നീട് നിരവധി പേരെ ചോദ്യം ചെയ്തു. ഒരടി മാത്രം വിസ്തീർണ്ണമുള്ള വിടവിലൂടെ കടക്കാൻ പറ്റിയ ശരീരപ്രകൃതിയുള്ള കുറ്റവാളികളായ ആളുകളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ മുൻകാല കുറ്റവാളികളെ ഉൾപ്പെടെ പരിശോധന നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് സദൻ പിടിയിലാകുന്നത്. സദന്റെ ശരീരത്തിൽ ജനലിൻ്റെ കമ്പി കൊണ്ട് വലിയൊരു മുറിവുണ്ടായിരുന്നു. 2013 ൽ സ്വർണ്ണപണിശാലയിൽ കതകിൻ്റെ പൂട്ടുകൾ തകർത്ത് ഉള്ളിൽ കടന്ന് അരക്കിലോയോളം സ്വർണ്ണം കവർന്ന കേസിലെ പ്രതിയാണ്. 2016 ൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് സ്വർണ്ണവും പണവും കവർന്നിട്ടുണ്ട്. പ്രതിയെ കേച്ചേരി ശാഖയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ബാങ്കിലേക്ക് കടന്ന വഴിയും, കടന്ന വിധവും കാണിക്കുകയും, സുരക്ഷാ കാമറകൾ തകർത്ത വിധവും കാണിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശ പ്രകാരം കുന്നംകുളം അസി. പൊലീസ് കമ്മിഷണർ സിനോജിൻ്റെ നേതൃത്വത്തിൽ സി.ഐ കെ.ജി സുരേഷ്, എസ്.ഐ ഇ. ബാബു, ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ ഗ്ലാഡ്സ്റ്റൺ, എൻ.ജി സുവ്രതകുമാർ, പി.എം റാഫി, രാജൻ എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.