തൃശൂർ: കൊറോണ വൈറസ് പടരാനുളള സാദ്ധ്യത മുന്നിൽക്കണ്ട് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 73 പേർ. ഇന്നലെ ഒരാളെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് ആകെ നാലു പേരാണ്. ജില്ലാ ജനറൽ ആശുപത്രിയിലും മുളങ്കുന്നത്തുകാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രത്യേക നിരീക്ഷണ വാർഡുകളൊരുക്കി. രോഗ ബാധയുണ്ടോയെന്ന് സംശയിച്ച് വരുന്നവരെ നിരീക്ഷണ വാർഡുകളിലേക്ക് മാറ്റി അവിടെ നിന്നാണ് തുടർ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
നേരെ ഐസൊലേഷൻ വാർഡിലേക്ക്
കൊറോണ വൈറസ് ബാധയുണ്ടോയെന്ന സംശയവുമായി എത്തുന്നവരെ അത്യാഹിത വിഭാഗത്തിലേക്ക് അയയ്ക്കാതെ നേരെ നിരീക്ഷണ വാർഡിലേക്കാണ് പ്രവേശിപ്പിക്കുക. കഫം, രക്തം, തൊണ്ടയിൽ നിന്നുള്ള സ്രവം എന്നിവയാണ് പരിശോധനയ്ക്ക് എടുക്കുന്നത്. ഇത് പൂനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് പരിശോധനയ്ക്കായി അയയ്ക്കുക. മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ രോഗികളും സന്ദർശകരും നിറയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സന്ദർശകരുടെ ബാഹുല്യം രോഗികളുടെ പരിചരണത്തിന് തടസം ഉണ്ടാകാതിരിക്കാനാണിത്. അത്യാവശ്യമുള്ളവർ മാത്രം രോഗികളെ സന്ദർശിച്ചാൽ മതിയെന്നും അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.