തൃശൂർ: ഘട്ടമായി ഇന്ത്യൻ ഭരണഘടനയെ മാനഭംഗപ്പെടുത്തുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. ചങ്കുറപ്പോടെ ഭാരതം എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ് സംഘടിപ്പിച്ച 'മനുഷ്യഭൂപട'ത്തിന് ശേഷം തേക്കിൻകാട് മൈതാനിയിൽ ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഓണമ്പിള്ളി മുഹമ്മദ് ഫൈസി , ടി.എൻ പ്രതാപൻ എം.പി, ഡോ. പി.വി കൃഷ്ണൻ നായർ, തോമസ് ഉണ്ണിയാടൻ, യു.ഡി.എഫ് ജില്ലാ കൺവീനർ കെ.ആർ ഗിരിജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹിമാൻകുട്ടി, കെ.പി.സി.സി ട്രഷറർ കെ.കെ കൊച്ചുമുഹമ്മദ്, കെ.പി വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, റിട്ട. ജസ്റ്റിസ് പി.എൻ വിജയകുമാർ, പി.എം സാദിഖലി, പി.എം അമീർ എന്നിവർ പങ്കെടുത്തു. ധീരതയും ത്യാഗവും പ്രതിനിധാനം ചെയ്ത് സഫ്രോൺ നിറത്തിലുള്ള, സമാധാനത്തെയും ഐക്യത്തെയും സത്യത്തെയും പ്രതിനിധാനം ചെയ്ത് തൂവെള്ള, മണ്ണിൻ്റെ പ്രത്യേകതയുടെ പ്രതീകമായി പച്ച തൊപ്പികൾ ധരിച്ച് ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ ഇന്ത്യയായി മാറി.
നടുവിൽ അശോകചക്രത്തെ അനുസ്മരിപ്പിച്ച് നീലത്തൊപ്പിയുമായി പ്രവർത്തകർ. അതിന് നടുവിൽ ദേശീയപതാക കൂടി ചേർന്നാണ് 'മനുഷ്യഭൂപടം' ഒരുക്കിയത്. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശേരിയുടെ ആമുഖപ്രഭാഷണത്തിന് ശേഷം ഡി.സി.സി പ്രസിഡന്റ് കൂടിയായ ടി.എൻ പ്രതാപൻ എം.പി ചൊല്ലിക്കൊടുത്ത ഭരണഘടനയുടെ ആമുഖം ഗാന്ധിജി വെടിയേറ്റു മരിച്ച 5.17ന് എല്ലാവരും ഏറ്റുചൊല്ലി.