തൃശൂർ: തൃശൂരിൽ വിദ്യാർത്ഥിനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി 11.30 ഓടെ ഉന്നതതല യോഗം ചേർന്നു. വിദ്യാർത്ഥിനിക്ക് ഇതുവരെ നൽകിയ ചികിത്സ സംബന്ധിച്ചും ആരോഗ്യനിലയെക്കുറിച്ചും യോഗം വിലയിരുത്തി.
മെഡിക്കൽ സംഘത്തിനും മന്ത്രിമാർക്കും ഒപ്പം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് തയ്യാറാക്കിയിരിക്കുന്ന ബ്ലോക്കിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. ഇനി കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ചികിത്സ തേടിയെത്തിയാൽ എന്തെല്ലാം മുന്നൊരുക്കങ്ങൾ ചെയ്യണമെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. പ്രതിരോധ നടപടികളെക്കുറിച്ചും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും വിളിച്ചുചേർത്ത് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ഇതുവരെയുള്ള സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തി.
നിപ്പാ പ്രതിരോധ വേളയിൽ സ്വീകരിച്ച മാതൃക യോഗത്തിൽ പരാമർശിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിലുളള വിദ്യാർത്ഥിനിയുടെ മറ്റൊരു പരിശോധനാ ഫലം കൂടി വരാനുണ്ട്. പരിശോധനാ ഫലം നെഗറ്റീവ് ആയ മൂന്നുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. മന്ത്രിമാരായ എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ, അനിൽ അക്കര എം.എൽ.എ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, ഡി.എം.ഒ ഡോ. കെ.ജെ. റീന എന്നിവരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ദ്ധ മെഡിക്കൽ സംഘവും യോഗത്തിൽ പങ്കെടുത്തു.