corona-

തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ നടത്തിയ അവലോകന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടി സ്വീകരിക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷം രാവിലെ ആറോടെയാണ് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. പെൺകുട്ടിക്കൊപ്പം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റ് മൂന്ന് പേരെ വ്യാഴാഴ്ച തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

ഇവരുടെ സാമ്പിളുകൾ നെഗറ്റീവ് ആയിരുന്നു. വൈറസ് ബാധ സംബന്ധിച്ച് പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനാ ഫലമാണ് പുറത്തുവന്നത്. വീണ്ടും സാമ്പിളുകൾ പരിശോധന നടത്തും. ചികിത്സയ്ക്ക് കൂടുതൽ സൗകര്യം മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഇവിടെയുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്.

പേ വാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലവും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്ക് പുറമേ ഒമ്പത്പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്.