coronavirus

തൃശൂർ: കൊറോണയെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. സ്വകാര്യ ആശുപത്രികളെയും ഐ.എം.എ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ച് ഇന്നലെ രാവിലെയാണ് യോഗംനടന്നത്. സ്വകാര്യ, സർക്കാർ മേഖലകളിലുള്ളവർ ഒരുമിച്ച് ആലോചിച്ച് ആശയവിനിമയത്തിന് സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ കൊറോണ വൈറസ് പോസിറ്റീവ് റിപ്പോർട്ട് പുറത്ത് വരാത്ത സാഹചര്യത്തിൽ ഭയക്കേണ്ട കാര്യമില്ല. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ അക്കാര്യം കൺട്രോൾ റൂമിൽ അറിയിക്കണം. പ്രോട്ടോക്കോളിന്റെ ഭാഗമായി അവർ 28 ദിവസം ഹോം ക്വാറന്റൈനിൽ ( വീട്ടിൽ ഏകാന്ത വാസം) തുടരണം. ചില സ്ഥലങ്ങളിൽ ഇങ്ങനെ വന്നവരുടെ വീടുകളിൽ കല്യാണം നടന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കല്യാണമൊക്കെ മാറ്റിവച്ചാലും കുഴപ്പമില്ല. ഏതെങ്കിലും സാഹചര്യത്തിൽ കൂട്ടത്തോടെ അസുഖം വന്നാൽ അത് വലിയ അപകടമാകും. 14 ദിവസം ഇൻകുബേഷൻ കാലയളവാണ്. ഇങ്ങനെ വീടുകളിൽ കഴിയുന്നവർക്ക് എന്തെങ്കിലും ജീവിത പ്രയാസം ഉണ്ടെങ്കിൽ അതൊക്കെ പരിഹരിക്കാൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് സർക്കാർ നടപടി എടുക്കും.

അസുഖലക്ഷണം കണ്ടെത്തിയാൽ അതിന്റെ പ്രോട്ടോക്കോൾ എന്താണ് ? എങ്ങനെയാണ് രോഗിയെ റഫർ ചെയ്യേണ്ടത് ? ഐസോലേറ്റ് ചെയ്യേണ്ടത് എങ്ങനെ ? എന്നീ കാര്യങ്ങൾ യോഗങ്ങളിൽ ഉത്തരവാദപ്പെട്ടവരെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരായാലും ആശുപത്രി അധികൃതരായാലും കിട്ടുന്ന വിവരം ഉടൻ കൺട്രോൾ റൂമിൽ അറിയിക്കുക എന്നതാണ് പ്രധാന കാര്യമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗവും ചേർന്നിരുന്നു. പൊലീസ്, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ട്രൈബൽ വകുപ്പ്, വിദ്യുച്ഛക്തി, വാട്ടർ സപ്ലൈ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾക്ക് കളക്ടർ എസ്. ഷാനവാസ് മാർഗനിർദ്ദേശം നൽകി.