കൊടുങ്ങല്ലൂർ: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പുറമ്പോക്ക് സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് വാഹനഗതാഗത സൗകര്യത്തിനായി റാമ്പ് നിർമ്മിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ വകുപ്പ് മന്ത്രിയോടാവശ്യപ്പെട്ടു. നഗരസഭയിലെ കാവിൽക്കടവിൽ തൃശൂർ - ഷൊർണ്ണൂർ റോഡിന്റെ ഒരു ഭാഗത്താണ് അധികൃതരുടെ ഒത്താശയോടെയുള്ള പുറമ്പോക്ക് കൈയേറ്റം നടന്നിരിക്കുന്നതു്.
പുല്ലൂറ്റ് പാലത്തിന് സമീപം റാേഡിന്റെ തെക്ക് ഭാഗത്ത് നിലകാെള്ളുന്ന സർക്കാർ ഭൂമിയുടെ നടുവിലൂടെ സ്വകാര്യവ്യക്തിക്ക് വാഹനം കൊണ്ടുപോകുന്നതിനായാണ് ഭൂമി കൈയേറിയത്. ഇതിനായി കരിങ്കൽ ഭിത്തി കെട്ടി കൽപ്പൊടി അടിച്ച് റോഡ് നിർമ്മിക്കാനാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ വ്യക്തമായ വിശദീകരണം നൽകാൻ അവർക്ക് കഴിയുന്നില്ല. സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്കായി നൽകി ഇവിടെ റാമ്പ് നിർമ്മിച്ചിട്ടുള്ളത് നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് കത്തിലൂടെ ചെയർമാൻ ആവശ്യപ്പെട്ടു.