ചേലക്കര: 'ചിരട്ടയെടുക്കാം, ഇനി പിച്ച തെണ്ടാൻ..! പുലർച്ചെ റബ്ബർപാൽ ശേഖരിക്കാൻ പതിവായി എടുത്തിരുന്ന ചിരട്ട കൊണ്ട് ഇനി ആ പ്രയോജനം ലഭിച്ചേക്കാം.' റബ്ബർ കർഷകരും ടബ്ബർ ടാപ്പിംഗ് തൊഴിലാളികളും അല്ലലില്ലാതെ ജീവിതം നയിച്ച ഒരു കാലമുണ്ടായിരുന്നു. നിത്യവൃത്തി കഴിച്ചുകൂട്ടുന്നതിന് മാർഗം കാണാതെ അലയുന്ന വിഭാഗമാണ് ഇപ്പോൾ റബ്ബർ കർഷകരും അതിലുപരി ടാപ്പിംഗ് തൊഴിലാളികളും.
റബ്ബറിന് വിലയിടിഞ്ഞതാണ് തൊഴിലാളികൾക്കും ഇരുട്ടടിയായത്. ഒരു കാലത്ത് കിലോഗ്രാമിന് മുന്നൂറ് രൂപയുടെ അടുത്ത് വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോൾ 130 രൂപയോളമാണ് വില ലഭിക്കുന്നത്. കാലാവസ്ഥയെ ആശ്രയിച്ചാണ് റബ്ബർ ടാപ്പ് ചെയ്ത് പാൽ (കറ) എടുക്കുന്നത്. നല്ല വേനൽക്കാലത്തും മഴക്കാലത്തും ടാപ്പിംഗ് നടക്കില്ല.
.ഇതോടെ ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വിവാഹ വായ്പ, കുടുംബ യൂണിറ്റുകളുടെ വരെയുള്ള വായ്പകളുടെ തിരിച്ചടവുകൾ മുടങ്ങി. പലചരക്ക് കടയിലെ പറ്റ് ബുക്ക് വലുതായി. മറ്റു വരുമാന മാർഗമില്ലാത്ത റബ്ബർ കൃഷിയെ ആശ്രയിച്ച കർഷകർ ദുരിതക്കയത്തിലായി. അതിലും ദയനീയ നിലയിലാണ് ടാപ്പിംഗ് തൊഴിലാളികളുടെ അവസ്ഥ.
ടാപ്പ് ചെയ്താൽ നഷ്ടം
വേനലിൽ ടാപ്പ് ചെയ്യാറില്ല. ഈർപ്പമില്ലാത്ത അവസ്ഥയിൽ രാവിലെ മാത്രമാണ് ടാപ്പ് ചെയ്യാറുള്ളത്. പാൽ വീഴ്ച നിൽക്കുന്നതിന് മുമ്പ് മഴ പെയ്താൽ തൊലിക്ക് ചീയൽ ഉണ്ടാകും. പട്ടമരപ്പും സംഭവിക്കും. മഴ നനയാതെ ടാപ്പ് ചെയ്യേണ്ട ഭാഗം സംരക്ഷിക്കാൻ പ്ലാസ്റ്റിക്ക് ഷെയ്ഡ് മരത്തിൽ പിടിപ്പിച്ചും ടാപ്പ് ചെയ്യാറുണ്ട്. അതിനുള്ള മുടക്കുമുതലും വരുമാനവും കണക്കാക്കുമ്പോൾ അത്ര മിച്ചമില്ലാത്തതിനാൽ പലരും വേണ്ടന്നുവയ്ക്കുകയാണ്. കൂലി കൊടുത്ത് തൊഴിലാളിയെ കൊണ്ട് റബ്ബർ ടാപ്പ് ചെയ്ത് കിട്ടുന്ന വരുമാനം തുച്ഛമായതിനാൽ കർഷകർ നേരിട്ട് കറയെടുക്കുന്നുണ്ട്. ഹോർമോൺ മരുന്ന് തേച്ച് കറ ഊറ്റിയിട്ടും നഷ്ടമായതിനാൽ പലയിടത്തും ടാപ്പ് ചെയ്യാതെ നിൽക്കുന്ന റബ്ബർ തോട്ടങ്ങളുമുണ്ട്.
താങ്ങാകാതെ താങ്ങുവില
റബ്ബർ കർഷകരെ സഹായിക്കാൻ സർക്കാർ 150 രൂപ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. വിപണിവില കഴിഞ്ഞ് ബാക്കിത്തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടു കൊടുക്കും. നിശ്ചിത ഏക്കർ സ്ഥലത്തിനു താഴെ ഉള്ള കർഷകർ റബ്ബർ വിറ്റ ബിൽ റബ്ബർ ബോർഡ് മുഖാന്തിരം സർക്കാരിൽ സമർപ്പിച്ചാൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ. റബ്ബർ ഷീറ്റ് ഉണ്ടാക്കി വിൽക്കാൻ സാധിച്ചാൽ മാത്രമല്ലേ താങ്ങുവില നിശ്ചയിച്ചത് കൊണ്ടു ഗുണമുള്ളൂ. ടാപ്പിംഗ് തന്നെ നടക്കാതായ കർഷകർക്ക് ആര് താങ്ങാകും എന്നതാണ് പ്രശ്നം.
റബ്ബർ കൃഷി നഷ്ടത്തിലാണ്. വളം, ടാപ്പിംഗ് കൂലി, ഷീറ്റാക്കാനും ഉണക്കാനുമുള്ള ചെലവ് എന്നിവ കഴിഞ്ഞ് റബ്ബർ വിറ്റു കഴിഞ്ഞാൽ ബാക്കിയൊന്നും ഉണ്ടാകില്ല. റബ്ബർ മരങ്ങൾ മുറിച്ച് മറ്റെന്തെങ്കിലും കൃഷി ചെയ്താലോ എന്ന ചിന്തയിലാണ്.
- റബ്ബർകർഷകൻ
റബ്ബർ വില കുറഞ്ഞതിനു ശേഷം ജോലി സ്ഥിരതയില്ല. ടാപ്പിംഗ് കൂലി പലരും കുറയ്ക്കുകയാണ്. വർഷത്തിൽ ആറു മാസം പോലും ടാപ്പിംഗില്ല. കുടുംബം പോറ്റാൻ വേറെ വഴി നോക്കണമെന്ന അവസ്ഥയിലാണ് ഇപ്പോൾ.
- ടാപ്പിംഗ് തൊഴിലാളി