ചാലക്കുടി: ഒന്നര വർഷമായി സ്തംഭിച്ചു കിടക്കുന്ന ദേശീയപാതയിലെ കോടതി ജംഗ്ഷൻ അടിപ്പാത നിർമ്മാണം ഫെബ്രുവരി പത്തിന് പുനരാരംഭിച്ചേക്കും. നിർമ്മാണം ഉടൻ തുടങ്ങണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്ചർ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം പത്തു ദിവസത്തിനകം പ്രവൃത്തികൾ തുടങ്ങുന്നതിന് നീക്കം ആരംഭിച്ചതായാണ് അറിവ്.

പ്രവൃത്തികളുടെ മുന്നോടിയായി ഗതാഗതം നിയന്ത്രിക്കുന്ന പുതിയ ബോർഡുകൾ പരിസരത്ത് സ്ഥാപിച്ചുകഴിഞ്ഞു. അടിപ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റിന് കഴിഞ്ഞയാഴ്ച ദേശീയപാതാ അതോറിറ്റി അംഗീകാരം നൽകിയിരുന്നു. 24.18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് അംഗീകരിച്ചത്. പുതിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതാണ് നിർമ്മാണ സ്തംഭനത്തിന് ഇടയാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഷ്യം.

രണ്ടുവർഷം മുമ്പായിരുന്നു മുരിങ്ങൂർ ഡിവൈൻ നഗർ മാതൃകയിൽ കോടതി ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചത്. എറണാകുളത്തെ ഉപകരാർ കമ്പനി നടത്തിയ പ്രവൃത്തികൾ ആറുമാസത്തോടെ സ്തംഭിച്ചു. ഇതിനകം ചെലവായ രണ്ടരക്കോടി രൂപയുടെ എട്ടിലൊന്ന് പോലും ലഭിക്കാതായപ്പോൾ നിർമ്മാണം നിറുത്തുകയായിരുന്നു. ജി.ഐ.എസ് കമ്പനിയാകട്ടെ എൻ.എച്ച്.ഐയുടെ പക്കൽ നിന്നും ഇതിനകം മൂന്നു കോടി രൂപയും കൈപ്പറ്റിയിരുന്നു.

14 കോടിയുടെ പഴയ എസ്റ്റിമേറ്റിന് പകരം പുതിയത് തയ്യാറാക്കി അയച്ചതോടൊപ്പം നിർമ്മാണവും ആരംഭിക്കുകയായിരുന്നു. നിർമ്മാണ തടസ്സത്തിന് കാരണം എസ്റ്റിമേറ്റിലെ മാറ്റമാണെന്ന് പറയുമ്പോഴും യാഥാർത്ഥ്യം അതല്ലെന്ന് വ്യക്തമായിരുന്നു. ഉപകരാറുകാർക്ക് പണം കിട്ടാത്തതാണ് സ്തംഭനത്തിന് ഇടയാക്കിയത്. അടിപ്പാത നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രക്ഷോഭവും തുടങ്ങിയിട്ടുണ്ട്.

കോടതി ജംഗ്ഷൻ അടിപ്പാത

പുതുക്കിയ എസ്റ്റിമേറ്റ് - 24.18 കോടി

പഴയ എസ്റ്റിമേറ്റ് തുക - 14 കോടി

പ്രവൃത്തി കരാറെടുത്തത് - ജി.ഐ.എസ്

ഉപകരാർ എറണാകുളത്തെ കമ്പനിക്ക്

പണിയുടെ തുക കൈമാറിയില്ല, മുടങ്ങി

പണി പുനരാരംഭിക്കൽ ഫെബ്രു. 10ന്