പുതുക്കാട്: ടോൾ പ്ലാസയിലെ ജീവനക്കാരിൽ തൊഴിൽ നികുതി അടക്കുന്ന 176 പേരിൽ 47 പേർ ഇതര സംസ്ഥാനക്കാരാണെന്ന് നെന്മണിക്കര പഞ്ചായത്തിൽ നിന്നും ലഭിച്ച രേഖാ മൂലമുള്ള വെളിപ്പെടുത്തൽ. ടോൾ പ്ലാസയിൽ യാത്രക്കാരെ ആക്രമിക്കുന്ന ജീവനക്കാരിൽ മിക്കവർക്കും തിരിച്ചറിയൽ ടാഗ് പോലും ഇല്ല.
ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം ദമ്പതിമാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദമ്പതിമാർ ആക്രമിച്ചെന്ന പേരിൽ ചികിത്സ തേടിയ ടോൾ പ്ലാസ ജീവനക്കാരൻ എങ്ങണ്ടിയൂർ സ്വദേശി പ്രസേനൻ തൊഴിൽ നികുതി നൽകുന്നവരുടെ കൂട്ടത്തിലില്ല. ഇത് ജീവനക്കാരുടെ കൂട്ടത്തിൽ ആരെല്ലാമുണ്ടെന്നതിൽ അവ്യക്തത സൃഷ്ടിക്കുന്നു.
ടോൾ പ്ലാസ ജീവനക്കാരിൽ ഗുണ്ടകൾ ഉണ്ടെന്ന യാത്രക്കാരുടെ പരാതിക്ക് മറുപടി നൽകാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. ടോൾ പ്ലാസയിൽ യാത്രക്കാർക്ക് മർദ്ദനമേൽക്കുന്ന സംഭവം സാധാരണമാണ്.പ ലരും പരാതിപ്പെടാൻ നിൽക്കാതെ രക്ഷപ്പെടുന്നത് ടോൾ പ്ലാസ അധികൃതർക്ക് സൗകര്യമാകുന്നുണ്ട്.
മറിമായം
കഴിഞ്ഞ ദിവസം ദമ്പതിമാർക്ക് ടോൾ പ്ലാസയിൽ മർദ്ദനമേറ്റിരുന്നു. സംഭവശേഷം ദമ്പതിമാർ ആക്രമിച്ചെന്ന പേരിൽ ചികിത്സ തേടിയ ജീവനക്കാരൻ എങ്ങണ്ടിയൂർ സ്വദേശി പ്രസേനൻ തൊഴിൽ നികുതി നൽകുന്നവരുടെ കൂട്ടത്തിലില്ല.
തൊഴിൽ നികുതി വിവരം
ആകെ തൊഴിലാളികൾ- 176
അന്യസംസ്ഥാനക്കാർ - 47
ടോൾ കളക്ടർമാർ- 65
സൂപ്പർവൈസർമാർ- 9
ലൈൻ അസിസ്റ്റന്റുമാർ- 14