പാവറട്ടി: കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജൂബിലി സമ്മേളനം ഞായറാഴ്ച മുല്ലശേരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തിന് മുല്ലശ്ശേരി ഇ.എം.എസ് കമ്മ്യൂണിറ്റി ഹാളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഘോഷയാത്ര, പ്രവർത്തക സംഗമം, സെമിനാർ അവതരണം, ചർച്ചകൾ, ആദരണീയം, കലാപരിപാടികൾ എന്നിവ നടക്കും.
60 കഴിഞ്ഞ ഗ്രന്ഥശാല പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനുള്ള സമാപന സമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പി.വി. ദിലീപ്കുമാർ, എം.എസ്. വാസു, ടി.ബി. ശാലിനി, ടി.എൻ. ലെനിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.