വടക്കാഞ്ചേരി: കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന വടക്കാഞ്ചേരി സ്വദേശിയായ ഒരാൾ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വടക്കാഞ്ചേരിക്കടുത്തെ മംഗലം സ്വദേശിയും ചൈനയിൽ യോഗക്ലാസ് നടത്തുന്നയാളുമാണ് ഇന്നലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. രോഗലക്ഷണങ്ങളായി പറയപ്പെടുന്ന ചില ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്.

പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങി. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ആശുത്രിയിൽ എത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്.

പിന്നീട് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയായിരുന്നു. മെഡിക്കൽ കോളേജിൽ മൂന്നു കുട്ടികളും അവരുടെ ബന്ധുക്കളും, കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിയും അടക്കം ഏഴുപേരാണ് നിലവിൽ ചികിത്സയിലുള്ളത്. മെഡിക്കൽ കോളേജിലെ പ്രത്യേകവിഭാഗം ഇവർക്കായി സജ്ജീകരിച്ചിട്ടുണ്ട്.