gvr-news-photo
നഷ്ടകപ്പു പൈപ്പിന് പകരം പുതിയ പൈപ്പ് സ്ഥാപിക്കുന്നു

ഗുരുവായൂർ: വാട്ടർ അതോറിറ്റി അഴുക്കുചാൽ പദ്ധതിക്കായി 40 വർഷം മുമ്പ് ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പ് കാണാനില്ല. റെയിൽവേ സ്റ്റേഷനടുത്തുള്ള പമ്പ് ഹൗസിൽ നിന്ന് മാങ്ങോട്ട് അപ്പാർട്ട്‌മെന്റിനടുത്തുള്ള പമ്പ് ഹൗസിലേക്ക് മാലിന്യം എത്തിക്കുന്ന പൈപ്പിന്റെ ഭാഗമാണ് കാണാതായത്.

പ്രാർത്ഥന ഇന്നിന് സമീപമുള്ള ഭാഗത്തെ 50 മീറ്റർ നീളമുള്ള പൈപ്പാണ് നഷ്ടപ്പെട്ടത്. അന്വേഷണത്തിനൊടുവിൽ പൈപ്പ് നഷ്ടപ്പെട്ടതെങ്ങിനെയെന്ന് കണ്ടെത്തി. അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാന നിർമിക്കാൻ കുഴിയെടുത്ത സമയത്ത് ഈ പൈപ്പ് കണ്ടുവത്രെ. അത് പതിറ്റാണ്ടുകൾക്ക് മുമ്പ് അഴുക്കുചാൽ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പാണെന്ന് മനസിലായില്ല.

ഉപയോഗിക്കാതെ കിടക്കുന്ന പൈപ്പ് മുറിച്ചുമാറ്റി കാന ഭംഗിയായി പണി തീർത്തു. അഴുക്കുചാൽ പദ്ധതി കമ്മിഷൻ ചെയ്യുന്നതിന് മുമ്പായി വാട്ടർ അതോറിറ്റി നടത്തിയ പരിശോധനയിലാണ് പൈപ്പ് നഷ്ടപ്പെട്ട കാര്യം പുറത്തുവന്നത്. ഇതേത്തുടർന്ന് ഇന്നലെ അടിയന്തരമായി കുഴിയെടുത്ത് വീണ്ടും പൈപ്പുകൾ സ്ഥാപിക്കുകയായിരുന്നു.