തൃശൂർ: തിരുവനന്തപുരത്ത് നടന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷം വ്യാഴാഴ്ച രാത്രി 11.30 ഓടെ തൃശൂരിലെത്തിയ കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ നടത്തിയത് സജീവമായ ഇടപെടലുകൾ. മണിക്കൂറുകൾക്കുള്ളിൽ നിരന്തര കൂടിയാലോചനകളിലൂടെയും മറ്റും തൃശൂരിലെ ഭരണസംവിധാനമൊട്ടാകെ ഉത്തേജിപ്പിച്ചുവെന്ന് മാത്രമല്ല സ്വകാര്യ മെഡിക്കൽ മേഖലയെയും സന്നദ്ധ സംഘടനകളെയും ഉദ്യമത്തിനായി കൂടെക്കൂട്ടാനും മന്ത്രിക്കായി.
തൃശൂരിലെത്തിയ ഉടൻ കളക്ടറുടെ ചേംബറിൽ അടിയന്തര യോഗം ചേർന്നു. ജില്ലയിലെ മന്ത്രിമാരായ വി. എസ് സുനിൽ കുമാർ, എ.സി മൊയ്തീൻ, സി. രവീന്ദ്രനാഥ് എന്നിവരും ജില്ലയിലെ എം.എൽ.എമാരും കളക്ടർ, ഡി.എം.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മെഡിക്കൽ കോളേജിൽ മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരുമായി സ്ഥിതിഗതികൾ വിലയിരുത്താൻ പിന്നാലെ യോഗം ചേർന്നു.

പുലർച്ചെ ഒന്നരയോടെയാണ് യോഗം അവസാനിച്ചത്. തുടർന്ന് മാദ്ധ്യമങ്ങളുടെ മുന്നിലെത്തി. ഇതവസാനിക്കുമ്പോൾ സമയം രണ്ടര പിന്നിട്ടു. പിന്നീട് മന്ത്രിക്ക് അൽപ്പസമയം വിശ്രമം. ഇന്നലെ രാവിലെ എട്ടു മണിയോടെ വീണ്ടും ചർച്ചകളും യോഗങ്ങളും. രാവിലെ കളക്ടറും ഉദ്യോഗസ്ഥന്മാരുമായെല്ലാം കൂടിക്കാഴ്ച്ച. തുടർന്ന് രാവിലെ 11 മണിയോടെ സ്വകാര്യ ആശുപത്രി ഉടമകൾ പങ്കെടുത്ത യോഗം നടന്നു.

തുടർന്ന് ജില്ലയിലെ വിവിധ വകുപ്പ് തലവന്മാരുടെ യോഗത്തിൽ പങ്കെടുത്തു. പിന്നീട് മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് രണ്ടര മണിയായി. പിന്നീട് ഗസ്റ്റ് ഹൗസിൽ ആസൂത്രണം. ഇതിനിടയിൽ വിവിധ ജില്ലകളിലെ കളക്ടർ, ഡി.എം.ഒ എന്നിവരുമായി വീഡിയോ കോൺഫറൻസ്. തുടർന്ന് ജില്ലയിലെ ഫീൽഡ് റിപ്പോർട്ട് ശേഖരിക്കാനുള്ള യോഗം. ഏഴ് മണിയോടെ ഇതിന്റെ റിസൽട്ട് മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാൻ പത്ര സമ്മേളനം. തുടർന്നും ചർച്ചകളും യോഗങ്ങളും. മൂന്ന് ദിവസം തൃശൂരിൽ ക്യാമ്പ് ചെയ്യാനാണ് മന്ത്രിയുടെ ഇപ്പോഴത്തെ തീരുമാനം.