കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ ജനങ്ങളിൽ ഭിന്നിപ്പും സ്പർദ്ധയുമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഇസ്‌ളാമിക വോട്ട് ബാങ്കിന്റെ പങ്ക് വയ്പാണെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ രാഷ്ട്ര സുരക്ഷയ്ക്ക് എന്ന സന്ദേശപ്രചാരണവുമായി ബന്ധപ്പെട്ട് ജനജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുണകൾ ആവർത്തിച്ച് സത്യമാണെന്ന് വരുത്തിയുള്ള തന്ത്രം സ്വീകരിച്ച്, മുസ്‌ളീങ്ങളിൽ ഭീതി പടർത്താനും അവരുടെ സംരക്ഷകർ തങ്ങളാണെന്ന് വരുത്താനുമാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ശ്രമം. 130 കോടി ജനങ്ങളിൽ ഒരാളെ പോലും ദോഷകരമായി ബാധിക്കുന്ന ഒരു വാചകമോ വാക്കോ ബില്ലിലുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. എതിർപ്പുയർത്തുന്നവർക്ക് പിന്നിൽ ഭീകരതയുടെ പങ്കുപറ്റുന്നവരുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. പൊതുസമ്മേളനത്തിൽ പി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി ശശിധരൻ ആമുഖപ്രസംഗം നടത്തി. കെ.എസ് പത്മനാഭൻ, അഡ്വ. ടി.കെ. മധു, സി.കെ. പ്രദീപ്, സി.എം ശശീന്ദ്രൻ, എം.ജി പ്രശാന്ത് ലാൽ, കെ.എസ് വിനോദ്, സെൽവൻ മണക്കാട്ടുപടി, ദിനിൽ മാധവ്, വി.ജി ഉണ്ണിക്കൃഷ്ണൻ, പി. രാജേഷ്, ബിന്ദു പ്രദീപ്, പി. വിവേകാനന്ദൻ തുടങ്ങിയവർ സന്നിഹിതരായി. കോതപറമ്പിൽ നിന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പൗരത്വബില്ലിനെ അനുകൂലിക്കുന്ന ആയിരങ്ങൾ പങ്കുകൊണ്ട റാലിയും നടന്നു. ബി.ജെ.പി, ബി.ഡി.ജെ.എസ് നേതാക്കൾ നേതൃത്വം നൽകി.
കടകളടപ്പിക്കാൻ ശ്രമം
ജനജാഗ്രതാ സമിതിയുടെ പരിപാടി ആരംഭിക്കും മുമ്പ് ഉച്ചയോടെ എസ്.ഡി.പി.ഐയുടേതുൾപ്പെടെയുള്ള ഒരു വിഭാഗം പ്രവർത്തകർ നഗരത്തിലെ കടകളടപ്പിക്കാൻ ശ്രമം നടത്തി. കോതപറമ്പ് മുതൽ കടകളടപ്പിക്കാനുള്ള ശ്രമമറിഞ്ഞതോടെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തി. കടകൾ തുറന്ന് പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതോടെ കൊടുങ്ങല്ലൂരിൽ സംഘർഷമാണെന്നും യാത്ര ഒഴിവാക്കണമെന്നുമുള്ള സന്ദശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഇതോടെ വ്യാപാരികളും ധർമ്മസങ്കടത്തിലായി. എന്നിരുന്നാലും കടയടപ്പ് ഭാഗികമായേ ഉണ്ടായുള്ളൂ. ശക്തമായ പൊലീസ് സന്നാഹവും നഗരത്തിലുണ്ടായി.