തൃശൂർ : കൊറോണ വൈറസ് ബാധിച്ച വിദ്യാർത്ഥിനിക്കൊപ്പം ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നു പേരെ വീണ്ടും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷിക്കാനായാണ് ഈ നീക്കം. വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, തൃശൂർ ജനറൽ ആശുപത്രി, ചാലക്കുടി എന്നീ സർക്കാർ ആശുപത്രികളിൽ 64 ഐസൊലേഷൻ മുറികളും 15 ത്രീവ പരിചരണ വിഭാഗവും സജ്ജമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആശുപത്രി ജീവനക്കാർക്കുള്ള പരിശീലനവും ആരംഭിച്ചു. 2706 പേർക്ക് ഇതു വരെ പരിശീലനം നൽകി. 110 പേർക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരിശീലനം നൽകിയത്. രണ്ട് പേർ വുഹാനിൽ നിന്നെത്തിയ വിവരം അറിയിക്കാനായി വിളിച്ചതായി മന്ത്രി കെ.കെ.ശൈലജ പത്രസമ്മേളനത്തിൽ പറഞ്ഞു.


ശ്രദ്ധിക്കാൻ

രോഗലക്ഷണം കാണിക്കുന്നവർ സ്വന്തം വാഹനത്തിലോ, പൊതു വാഹനങ്ങളിലോ ആശുപത്രികളിലേക്ക് വരരുത്. രോഗികളെ കൊണ്ട് വരുന്നതിനായി 12 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസുകൾ ആവശമുള്ളവർ കൺട്രോൾ റൂം നമ്പറിൽ ബന്ധപ്പെടണം. ഫോൺ 0487 2320466.