ചാന്ദ്രദൗത്യത്തിലെ റോവറും ലാൻഡറും കൈവിട്ട് പോയത് തിളക്കം കുറച്ചെന്ന് കരുതിയവരെ അമ്പരപ്പിച്ച് വീണ്ടും ചാന്ദ്രദൗത്യത്തിലേക്ക് നിശ്ചയദാർഢ്യത്തോടെ മുന്നിട്ടിറങ്ങുകയാണ് പുതുവർഷത്തിൽ ഐ.എസ്. ആർ.ഒ . പണ്ട് പരാജയങ്ങൾ ഗൗനിക്കാതെ ' അപ്പോളോ ദൗത്യ"ങ്ങളുമായി ചന്ദ്രനിലേക്ക് കുതിച്ച് അവസാനം മനുഷ്യനെവരെ ചന്ദ്രനിലെത്തിച്ച നാസയുടെ വഴിയേയാണ് ഐ.എസ്. ആർ.ഒ.യും പോകുന്നത്. ഇൗ വർഷം കൂടുതൽ കുതിപ്പുകൾ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ചന്ദ്രനിൽ യന്ത്രമനുഷ്യനെ കാലുകുത്തിക്കുക, സൂര്യനിലേക്ക് പേടകമയയ്‌ക്കുക, സ്പെയ്സ് സ്റ്റേഷൻ നിർമ്മിക്കുക, ഫാൽക്കൺ മാതൃകയിൽ പുനരുപയോഗ വിക്ഷേപണ റോക്കറ്റ് യാഥാർത്ഥ്യമാക്കുക, രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രനിർമ്മാണം, ഇന്ത്യൻ ബഹിരാകാശസഞ്ചാര ദൗത്യം, മൂന്നാം ചന്ദ്രയാൻ തുടങ്ങിയവയ്ക്കാണ് ഇൗവർഷം ഐ.എസ്.ആർ.ഒ. തുടക്കമിട്ടത്. അഞ്ചുവർഷം മുൻപ് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന ദൗത്യങ്ങളിലേക്ക് ധൈര്യത്തോടെ ഇറങ്ങുന്ന ഐ.എസ്. ആർ.ഒ.യെയാണ് 2019 ൽ ലോകം കണ്ടത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ നടത്തിയത് കേവലംഅഞ്ച് വിക്ഷേപണങ്ങളാണ്. ഒരെണ്ണം വിദേശത്തും നടത്തി. ഇതുൾപ്പെടെ ആറ് വിക്ഷേപണങ്ങൾ. മുൻകാല ചരിത്രവും ആവശ്യങ്ങളും പരിശോധിച്ചാൽ ഇത് കുറവാണെന്ന് കാണാം. എന്നാൽ കഴിഞ്ഞ വർഷം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലം ചന്ദ്രയാൻ ദൗത്യത്തിൽ നഷ്ടപ്പെട്ടതാണിതിനിടയാക്കിയത്. ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാൻ 2 പേടകം സെപ്തംബർ ആറിനാണ് ചന്ദ്രോപരിതലത്തിലെത്തിയത്. 7ന് പുലർച്ചെ ദക്ഷിണധ്രുവത്തിൽ ലാൻഡറിനെ ഇറക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ലാൻഡറിനെ ചന്ദ്രന്റെ മണ്ണിലിറക്കാനും അതിലുണ്ടായിരുന്ന റോവറിനെ ചന്ദ്രമണ്ണിൽ നടത്താൻ ശ്രമിച്ചതും പുതിയ നീക്കമായിരുന്നു. ഇൗ പരാജയത്തിൽ പിന്മാറാതെ ഉടൻ മറ്റൊരു ചന്ദ്രയാൻ രംഗത്തിറക്കാൻ തീരുമാനിച്ചത് ഇൗ വർഷത്തെ വൻ ചുവടുവയ്പായി കാണാം. കഴിഞ്ഞ വർഷമാദ്യം മൈക്രോസാറ്റ്, മാർച്ചിൽ ഇലക്ട്രോണിക്സ് ഇന്റലിജൻസോടെയുള്ള ഉപഗ്രഹമായ എമിസാറ്റ്, പിന്നെ കാർട്ടോസാറ്റ്, റിസാറ്റ് 2ബി, റിസാറ്റ് 2ബി.ആർ.1 എന്നിവയാണ് കഴിഞ്ഞ വർഷത്തെ മറ്റ് വിക്ഷേപണങ്ങൾ. ആറ് ടൺഭാരമുള്ള കൂറ്റൻ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 31 ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് വിക്ഷേപിച്ചു. ബഹിരാകാശത്ത് ഇന്ത്യയുടെ പടക്കുതിര എന്നറിയപ്പെടുന്ന പി. എസ്. എൽ.വി റോക്കറ്റ് ഡിസംബറിൽ അൻപത് വിക്ഷേപണങ്ങൾ പൂർത്തിയാക്കി. ഇത് അപൂർവനേട്ടമാണ്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനായി എസ്. എസ്. വി വികസിപ്പിച്ചതും കഴിഞ്ഞ വർഷമാണ്. തമിഴ്നാട്ടിലെ കുലശേഖര പട്ടണത്തിൽ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം നിർമ്മിക്കാനും ഐ.എസ്. ആർ.ഒ തീരുമാനിച്ചു. അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യ സ്പെയ്സ് സ്റ്റേഷൻ നിർമ്മിക്കുമെന്ന ചെയർമാന്റെ പ്രഖ്യാപനമുണ്ടായതും കഴിഞ്ഞ വർഷമാണ്. വാണിജ്യ വിക്ഷേപണ മേഖലയിൽ ഇന്ത്യ ലോകത്തിന്റെ മുൻനിരയിലെത്തി. കഴിഞ്ഞ വർഷത്തോടെ 319 വിദേശ ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്തെത്തിച്ചത്.
ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ
ബഹിരാകാശ മാലിന്യങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യ ആദ്യമായി പ്രത്യേക കേന്ദ്രം തുടങ്ങി. ഇതോടെ ഇത്തരത്തിൽ സംവിധാനമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കഴിഞ്ഞ വർഷമാദ്യം ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ നശിപ്പിക്കാനുള്ള സാങ്കേതിക വിദ്യയും ഇന്ത്യ പരീക്ഷിച്ച് വിജയിച്ചു. ആന്റി സാറ്റലൈറ്റ് സാങ്കേതിക വിദ്യ സ്വന്തമായുള്ള സ്ഥാപനമാണ് ഇപ്പോൾ ഐ.എസ്. ആർ.ഒ. വിക്ഷേപണ റോക്കറ്റുകളിൽ ഗതിനിർണയത്തിനുപയോഗിക്കുന്ന ചിപ്പുകൾ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചു. സ്വന്തം റോക്കറ്റ് ഉപയോഗിക്കുമെങ്കിലും നാവിഗേഷന് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയായിരുന്നു ഇതുവരെ. കഴിഞ്ഞ വർഷം മുതലാണതിന് മാറ്റമുണ്ടായത്. പി.എസ്.എൽ.വി യുടെ രണ്ട് പുതിയ മോഡലുകൾ കഴിഞ്ഞ വർഷം പരീക്ഷിച്ച് വിജയിച്ചു. രണ്ട് ചെറുറോക്കറ്റുകളോട് കൂടിയ പി.എസ്.എൽ. വി.ഡി.എൽ പതിപ്പും നാല് ചെറുറോക്കറ്റുകളോട് കൂടിയ പി.എസ്.എൽ.വി.ക്യുഎല്ലും ആണത്.കൂറ്റൻ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനാകുന്ന അതായത് നാലുടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ശേഷിയുള്ള ജി.എസ്.എൽ.വി. മാർക്ക് ത്രീ റോക്കറ്റ് പരീക്ഷണഘട്ടം പിന്നിട്ട് റെഗുലർ റോക്കറ്റായി വിപണിയിലെത്തി. പി.എസ്.എൽ.വി.യുടെ നാലാം ഘട്ടമായ പി.എസ്. 4 ഒരു സ്പെയ്സ് സ്റ്റേഷൻ കണക്കെ പരീക്ഷണവേദിയാക്കി ഉപയോഗിച്ച് നോക്കിയതാണ് പുതിയ സാങ്കേതിക നേട്ടം.
ചന്ദ്രയാൻ ദൗത്യം 700 കോടി
രണ്ടാം ചാന്ദ്രദൗത്യത്തിൽ നടപ്പാക്കാൻ കഴിയാതിരുന്ന ദക്ഷിണധ്രുവത്തിൽ ലാൻഡറിനെയും റോവറിനെയും എത്തിക്കുന്നതിനുള്ള ലക്ഷ്യത്തിൽ നിന്ന് പിന്മാറാതെ ഇൗ വർഷം തന്നെ വീണ്ടും ചാന്ദ്രദൗത്യം നടത്താനാണ് ഐ.എസ്. ആർ.ഒ ലക്ഷ്യം. 700 കോടിരൂപ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇൗ വർഷം നവംബറോടെ ഇത് പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. ഇക്കുറി ഒാർബിറ്ററില്ലാതെ ലാൻഡറും റോവറും മാത്രമായിരിക്കും ചന്ദ്രനിലേക്ക് കുതിക്കുക. ഐ.എസ്.ആർ.ഒ യുടെ പുതുവർഷ പരിപാടി പട്ടികയിൽ ആദ്യത്തേത് സൂര്യനിലേക്കുള്ള ദൗത്യമാണ്. ആദിത്യ എൽ1 എന്ന് പേരുള്ള പദ്ധതി സൂര്യനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ചുവടു വയ്‌പാണ് . സൂര്യന്റെ കൊറോണയെ നിരീക്ഷിക്കാനുള്ള ദൗത്യവുമായി ആറ് ശാസ്ത്രീയ ഉപകരണങ്ങളുമായി പുറപ്പെടുന്ന ആദിത്യ എൽ 1 ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ വരെ പോകും. ഇത്രയും ദൂരം ബഹിരാകാശത്തുകൂടി നിയന്ത്രിച്ച് കൊണ്ടുപോകുന്ന പേടകവും ആദ്യസംഭവമാണ്. 400 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പി.എസ്.എൽ.വി.ക്കാണിതിനെ ബഹിരാകാശംവരെ എത്തിക്കാനുള്ള ചുമതല.
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് നിർണായക ബഹിരാകാശ ദൗത്യങ്ങളും പുതുവർഷത്തിൽ നടപ്പാക്കും. ഇന്ത്യൻ ബഹിരാകാശ സംഘത്തിലെ നാലുപേരെ തിരഞ്ഞെടുത്തതായി ചെയർമാൻ ഡോ.കെ.ശിവൻ വ്യക്തമാക്കിയിട്ടുണ്ട്.പതിനായി