chantha

കല്ലമ്പലം: നാവായിക്കുളത്തെ സ്കൂളുകൾക്ക് സമീപം 3000 ത്തോളം വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും എതിർപ്പിനെ അവഗണിച്ച് അനധികൃതമായി പ്രവർത്തിച്ചു വന്ന ചന്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന്‍ ഇന്നു മുതൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിച്ചു തുടങ്ങും. നാവായിക്കുളം ഹയർസെക്കൻഡറി സ്കൂളിൽ നിന്നും 200 മീറ്റർ അകലെയാണ് ഇനി ചന്ത പ്രവർത്തിക്കുന്നത്. 8 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ചന്തയ്ക്കുവേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. എന്നാൽ പഞ്ചായത്ത് ലൈസൻസ് നൽകാത്തതിനാൽ ഇതും നിയമ വിരുദ്ധമെന്നാണ് നാട്ടുകാർ പറയുന്നത്. ലൈസൻസില്ലാത്ത അനധികൃത ചന്തകൾ പാടില്ലെന്നതാണ് കോടതിയുടെ നിലപാട്. നാവായിക്കുളം ഗവ. ഹയർസെക്കൻഡറി അധികൃതർ, പി.ടി.എ പ്രസിഡന്റ് എന്നിവർ സ്കൂളിന് മുന്നിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ചന്തയ്ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി അടക്കം പ്രദേശത്തെ എട്ടോളം പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന ചന്ത ആധുനിക സജ്ജീകരണത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്നു മാസം മുൻപാണ് നാവായിക്കുളത്ത് സ്കൂളുകൾക്ക് സമീപം അനധികൃതമായി പ്രവർത്തിക്കുന്ന ചന്തയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമുയർന്നത്. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് പതിവാകുകയും, മത്സ്യ മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കുന്നത് ദുർഗന്ധത്തിന് കാരണമാകുകയും, തെരുവ് നായ്ക്കൾ വർദ്ധിക്കുകയും സ്കൂളിലെ പഠനാന്തരീക്ഷത്തെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ചന്ത നിറുത്തലാക്കണമെന്നാവശ്യപ്പെട്ടത്. എന്നാൽ മത്സ്യ വ്യാപാരികളും മറ്റും ഇതിനു തയ്യാറല്ലായിരുന്നു. തുടർന്ന് നാട്ടുകാരും, മത്സ്യ വ്യാപാരികളും, മറ്റു വഴിയോര കച്ചവടക്കാരും തമ്മിൽ തർക്കം അതിരുവിട്ടപ്പോൾ പൊലീസ് ഇടപെടുകയും അവരുടെ നിർദ്ദേശ പ്രകാരം ചന്ത നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്തധികൃതർക്ക് നൽകുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടി കൈക്കൊള്ളാതിരുന്നതിനെ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. 'ട്വന്റി - ട്വന്റി' എന്ന്‍ നാമകരണം ചെയ്തിരിക്കുന്ന പുതിയ പബ്ലിക് മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി അദ്ധ്യക്ഷനാകും.