കല്ലമ്പലം: കല്ലമ്പലത്ത് അപകട ഭീഷണിയുയർത്തി മൂടിയില്ലാത്ത ഓടകൾ. ജംഗ്ഷനിൽ റോഡിനിരുവശവുമുള്ള ഓടകളിൽ പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ച സ്ലാബുകളിൽ പലതും പൊട്ടിയിട്ടുമുണ്ട്. ചന്തയിൽ നിന്ന് മത്സ്യം വാങ്ങി റോഡിൽ പാർക്ക് ചെയ്തിരുന്ന ഒട്ടോയിലേക്ക് കയറുന്നതിനിടെ ഒരു കാൽ അബദ്ധത്തിൽ ഓടയിൽ അകപ്പെട്ട് പൈവേലിക്കോണം സ്വദേശിനിക്ക് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
വിദ്യാർത്ഥികളുൾപ്പെടെ നിരവധി കാൽനട യാത്രക്കാരാണ് ഓടയിലെ ദുർഗന്ധം സഹിച്ച് ഇതുവഴി സഞ്ചരിക്കുന്നത്. ചന്തയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ഭാഗത്ത് മിക്ക സ്ലാബുകളും തകർന്ന നിലയിലാണ്. കണ്ണൊന്ന് തെറ്റിയാൽ കാൽ അകത്ത് പോകും. വളരെ ശ്രദ്ധിച്ചു നടന്നില്ലെങ്കിൽ അപകടം ഉറപ്പാണ്.
അടുത്ത സമയത്ത് വാട്ടർ അതോറിട്ടിറിയുടെ പൈപ്പ് സ്ഥാപിക്കാനായി ഓടയ്ക്ക് സമീപം കുഴിയെടുത്തപ്പോൾ സ്ലാബുകൾ എടുത്തുമാറ്റിയെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല. നിരപ്പില്ലാതെ ചാഞ്ഞും ചരിച്ചും സ്ലാബുകൾ വച്ചതിനാൽ കാൽനടയാത്രികരും കച്ചവടക്കാരും വലിയ ദുരിതമാണനുഭവിക്കുന്നത്. ഈ അവസ്ഥ ഇങ്ങനെ തുടർന്നുപോയാൽ അസുഖങ്ങൾ പടർന്നു പിടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നാവായിക്കുളം, ഒറ്റൂർ പഞ്ചായത്തുകളിലെ പരിധിയിൽപ്പെട്ട ഓടകളിലാണ് പ്രശ്നം രൂക്ഷമായിട്ടുള്ളത്. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.