panchayath-office

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ ഭരണ സ്തംഭനമാണെന്നും, ഒട്ടേറെ പ്രതിസന്ധികളും പരാജയങ്ങളുമാണ്‌ ഇതുവരെയുള്ള ബാലൻസ് ഷീറ്റെന്നും പ്രതിപക്ഷം ആരോപിച്ചു. ലൈഫ് പദ്ധതിയിലെ ഗ്രാമസഭാ ലിസ്റ്റ് അട്ടിമറിച്ചെന്നും, അനർഹരെ ലിസ്റ്റിൽ തിരുകിക്കയറ്റിയെന്നും വ്യാപകമായ ആരോപണം നിലനിൽക്കുന്നു. നാവായിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റ് നിയമന അഭിമുഖത്തിൽ ഒന്നാം റാങ്ക് നേടിയയാളുടെ നിയമനം പഞ്ചായത്ത് പ്രസിഡന്റിന്റെ എതിർപ്പ് കാരണം നടന്നില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും ശീത സമരത്തിലാണ്. ചിറ്റായിക്കോട് വാർഡിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്ഥാപിച്ച ബഡ്സ് സ്കൂളിലെ ടീച്ചർ ഉൾപ്പെടെയുള്ള നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നാണ് ആരോപണം. പദ്ധതി പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥതയും, കാല വിളംബവും കാരണം ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് പ്രതിപക്ഷം കണക്കുകൾ നിരത്തുന്നു.

പഞ്ചായത്ത് ജീവനക്കാരും, ഭരണസമിതിയും ഏകോപനമില്ലാത്തതിനാൽ പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളും, സർട്ടിഫിക്കറ്റ് വിതരണവും അവതാളത്തിലായി. തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ടുപയോഗിച്ച് കാർഷിക മേഖലയിൽ സമീപ പഞ്ചായത്തുകൾ വൻ മുന്നേറ്റം നടത്തുമ്പോഴും നാവായിക്കുളം പഞ്ചായത്തിൽ അത്തരം നീക്കങ്ങളൊന്നും ഉണ്ടായില്ല. ഫണ്ട് വിനിയോഗത്തിലും മറ്റ് ക്ഷേമ പ്രവർത്തനങ്ങളിലും പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ വിവേചനം കാട്ടുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.